നവാഗതയായ രഥീന സംവിധാനം ചെയ്ത ‘പുഴു’ നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, സിനിമയെ വിമർശിച്ചും നിരവധി പേർ രംഗത്തുണ്ട്. പുഴു റിലീസ് ആയതിന്റെ പശ്ചാത്തലത്തിൽ, ചിത്രത്തെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. താൻ ഒരു സിനിമ എടുക്കുമെന്നും അതിന് ‘ഒച്ച്’ എന്ന് പേര് നൽകുമെന്നും ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു.
കയ്യിൽ കിട്ടിയാൽ ആരെയും കാച്ചുന്ന നിഷ്ഠൂരനായ സവർണ്ണനാണ് തന്റെ കഥയിലെ വില്ലനെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു. തീവ്രവാദികൾക്കും കുടുംബമുണ്ട് എന്ന കരളലിയിക്കുന്ന സന്ദേശമാവും സിനിമയുടെ ഹൈലൈറ്റ് എന്ന് അദ്ദേഹം പരിഹസിക്കുന്നു. എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ് നമ്മുടെ കഥ നടക്കുന്നത്. വീട്ടുകാരുടെയും വാടകക്കാരുടെയും വരെ വിരലടയാളം ശേഖരിക്കുന്ന മഹാസമുച്ചയം. താൽക്കാലിക താമസക്കാരായ ചിലർ വിരലടയാളം കൊടുക്കില്ല. പക്ഷേ, അവരും വിരലടയാളം കൊണ്ട് പ്രവർത്തിക്കുന്ന വാതിലുകളിൽ കൂടി പ്രവേശിക്കാറുണ്ട്. അതെങ്ങനെ എന്നല്ലേ? അവർക്ക് ‘ആയുഷ്കാലം’ സിനിമയിലെ ജയറാമിനെ പോലെ തുറക്കാത്ത വാതിലുകളിൽ കൂടി പ്രവേശിക്കാൻ സാധിക്കും. ഏറ്റവും പ്രധാനസംഗതി ഈ ഫ്ലാറ്റ് സമുച്ചയത്തിൽ സിസിടിവി എന്നൊരു സംഭവം ഉണ്ടായിരിക്കുന്നതല്ല. നിങ്ങൾ കരുതും താമസക്കാർക്ക് സിസിടിവി അലർജി ആണെന്ന്. അതുകൊണ്ടല്ല, സിസിടിവി ഉണ്ടെങ്കിൽ ഈ കഥ നടക്കില്ല, അതോണ്ടാ. വേറൊന്നും തോന്നരുത്. അപ്പോൾ നിങ്ങൾ ചോദിക്കും, സിനിമയ്ക്ക് എന്തിനാണ് ‘ഒച്ച്’ എന്നു പേരിട്ടതെന്ന്. എന്റെ സിനിമ ഇഴഞ്ഞു നീങ്ങുന്നതായിരിക്കും, ഒരു ഒച്ചിന്റെ വേഗതയിൽ. ഒച്ചിനെയും നാണിപ്പിച്ച് പയ്യെപ്പയ്യെ മുന്നോട്ട്…’, ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലെഴുതി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘ഒച്ച്’ എന്നൊരു സിനിമയെടുക്കാൻ ആഗ്രഹിക്കുന്നു.
അതിമനോഹരമായ ചലച്ചിത്രാനുഭവം നിങ്ങൾക്ക് നൽകുകയെന്നതാണ് ഉദ്ദേശം. കയ്യിൽ കിട്ടിയാൽ ആരെയും കാച്ചുന്ന നിഷ്ഠൂരനായ സവർണ്ണനാണ് വില്ലൻ. മീശമാധവനിലെ സലിംകുമാറിനു കോട്ടുണ്ട് എന്നതുപോലെ നമ്മുടെ വില്ലന് പൂണൂലുണ്ട്. അടുത്ത തലമുറയിലേക്കും ആചാരങ്ങൾ പകരുന്ന സവർണ്ണ കൂട്ടുകാരാണ് പുള്ളിയ്ക്ക്. ന്യൂനപക്ഷത്തെ ബിസിനസ് പങ്കാളികളെ പോലും ഇഷ്ടമല്ലാത്ത ഒരു ജാതി മനുഷ്യൻ. ജോലിയിൽ വീഴ്ച വരുത്തിയാൽ പലരുടെയും പണി തെറിപ്പിക്കുന്ന കർക്കശക്കാരൻ ആണ് ബ്രാഹ്മണ വില്ലനെങ്കിലും പണിപോയവർക്ക് പാവത്താൻ ലുക്ക് ആയതുകൊണ്ടും അവർ സവർണ്ണരല്ലാത്തതു കൊണ്ടും നമ്മുടെ കഥ ഇരകൾക്കൊപ്പമാണ്. ബ്രാഹ്മണ വില്ലൻ ചില്ലറ പുള്ളിയല്ല. അടുത്തിടെ ഇറങ്ങിയ മോഡൽ ഔഡി കാർ പത്തുകൊല്ലം മുൻപ് വില്ലന്റെ സഹോദരി നാടുവിട്ട് പോകുമ്പോഴും വീട്ടുമുറ്റത്ത് കിടപ്പുണ്ട്. അതാണ് റേഞ്ച്.
തീവ്രവാദികൾക്കും കുടുംബമുണ്ട് എന്ന കരളലിയിക്കുന്ന സന്ദേശമാവും സിനിമയുടെ ഹൈലൈറ്റ്. പ്രതിക്കെതിരായ തെളിവുകൾ കോടതിയിൽ മാലപ്പടക്കം പോലെ പൊട്ടിയിട്ടും ഒരു കൊല്ലം കൂടി ജയിലിൽ കിടക്കുന്നുണ്ട് പ്രതി. കോടതി ചമ്മിപ്പോകണം, അതിനാണ്. തെളിവുകൾ കോടതിയിൽ പൊട്ടിയിട്ടും ചുമ്മാ ഒരു കൊല്ലം കൂടി ജയിലിൽ കിടക്കാൻ ജയിൽ അങ്ങേരുടെ എളാപ്പയുടെ വകയാണോ എന്നൊന്നും എന്നോടു ചോദിക്കാൻ നിങ്ങൾക്ക് നാക്ക് പൊന്തില്ല. പകരം ഇരയുടെ ദുഃഖത്തോട് ഐക്യപ്പെടാനേ നിങ്ങൾക്ക് സാധിക്കൂ. അത്ര കരളലിയിക്കുന്ന രംഗങ്ങളാണ് പാവം തീവ്രുവിന്റെ കുടുംബത്തിൽ നടക്കുന്നത്. കോടതി വെറുതെ വിട്ടാലും കുടികിടപ്പവകാശമുള്ളതും സുഖസൗകര്യങ്ങൾ ഉള്ളതുമായ ഗുൽമോഹറിടങ്ങളാണ് ഫാഷിസ്റ്റ് രാജ്യങ്ങളിലെ ജയിലുകളെന്ന സത്യം ലോകത്തെ ഞാൻ അറിയിക്കും. ഞാൻ ആരാ മോൻ.
സ്ഫോടനത്തിനായി രാസവസ്തുക്കൾ കൈമാറിയ കേസിലെ ഇരയുടെ മകനായ നായകൻ വില്ലന്റെ മകനെ വശത്താക്കുകയും മൂന്നാല് വീടുകളിൽ അതിക്രമിച്ചു കയറുകയും ചെയ്യും. വീടുകളിൽ അങ്ങനെ കയറുന്നതൊന്നും മോശം ശീലമല്ല കേട്ടോ. നല്ലവനാണ് നായകൻ. നല്ല വിദ്യാഭ്യാസം നേടിയില്ലെങ്കിലും അവനും രാസവസ്തുക്കൾ ഉപയോഗിക്കാൻ വിദഗ്ധനാണ്. പിതാശ്രീ പഠിപ്പിച്ചതായിരിക്കും. നമ്മുടെ വില്ലനെ കൊല്ലാനും അവൻ ശ്രമിക്കും—ഒന്നല്ല, പലവട്ടം. അതൊന്നും പക്ഷെ തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലാട്ടോ. അവനും ഒരു തീവ്രവാദിയല്ലേ എന്നു നിങ്ങൾക്ക് തോന്നാമെങ്കിലും, സത്യത്തിൽ അവന്റെ പിതാശ്രീയെ പോലെ അവനും തീവ്രവാദിയല്ല. ഹിന്ദുപുരാണങ്ങളെ കുറിച്ച് അഗാധ പാണ്ഡിത്യവും സുകുമാര കലകളിൽ താല്പര്യവുമുള്ള പ്രസ്തുത നായകൻ ഭാഗവതത്തിൽ നിന്നുള്ള ഒരു കഥ വടിയാകാൻ തുടങ്ങുന്ന വില്ലനോടു പറയുന്നതോടെ നമ്മുടെ സിനിമ ക്ലൈമാക്സിലേക്ക് കടക്കും. പിന്നെ സ്ക്രീൻ നിറയെ വെളുത്ത നിറമായിരിക്കും. നിങ്ങൾ കരുതും കഥാപാത്രത്തെ വെളുപ്പിക്കാൻ വൈറ്റ്വാഷ് ചെയ്തതാണെന്ന്. അതല്ല. സീൻ വെളുപ്പിക്കാനായി ഓവറായി ലൈറ്റിങ് ചെയ്യുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.
എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ് നമ്മുടെ കഥ നടക്കുന്നത്. വീട്ടുകാരുടെയും വാടകക്കാരുടെയും വരെ വിരലടയാളം ശേഖരിക്കുന്ന മഹാസമുച്ചയം. താൽക്കാലിക താമസക്കാരായ ചിലർ വിരലടയാളം കൊടുക്കില്ല. പക്ഷെ അവരും വിരലടയാളം കൊണ്ട് പ്രവർത്തിക്കുന്ന വാതിലുകളിൽ കൂടി പ്രവേശിക്കാറുണ്ട്. അതെങ്ങനെ എന്നല്ലേ? അവർക്ക് ‘ആയുഷ്കാലം’ സിനിമയിലെ ജയറാമിനെ പോലെ തുറക്കാത്ത വാതിലുകളിൽ കൂടി പ്രവേശിക്കാൻ സാധിക്കും. ഏറ്റവും പ്രധാനസംഗതി ഈ ഫ്ലാറ്റ് സമുച്ചയത്തിൽ സിസിടിവി എന്നൊരു സംഭവം ഉണ്ടായിരിക്കുന്നതല്ല. നിങ്ങൾ കരുതും താമസക്കാർക്ക് സിസിടിവി അലർജി ആണെന്ന്. അതുകൊണ്ടല്ല, സിസിടിവി ഉണ്ടെങ്കിൽ ഈ കഥ നടക്കില്ല, അതോണ്ടാ. വേറൊന്നും തോന്നരുത്. അപ്പോൾ നിങ്ങൾ ചോദിക്കും, സിനിമയ്ക്ക് എന്തിനാണ് ‘ഒച്ച്’ എന്നു പേരിട്ടതെന്ന്. എന്റെ സിനിമ ഇഴഞ്ഞു നീങ്ങുന്നതായിരിക്കും, ഒരു ഒച്ചിന്റെ വേഗതയിൽ. ഒച്ചിനെയും നാണിപ്പിച്ച് പയ്യെപ്പയ്യെ മുന്നോട്ട്…
Post Your Comments