മീ ടൂ മൂവ്മെന്റിനെ കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. മീ ടൂ എന്നത് ഇപ്പോൾ ട്രെൻഡ് ആണെന്നും പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താൻ പെട്ടുപോയേനെ എന്നുമുള്ള ധ്യാൻ ശ്രീനിവാസന്റെ പരാമർശമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. അവരവർ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നൽ പടുവിഡ്‌ഢിത്തരമാണെന്ന് ധ്യാനിനെ വിമർശിച്ച് സാമൂഹിക പ്രവർത്തക ഡോ. ഷിംന അസീസ് പറഞ്ഞു. ശ്രീനിവാസന്റെ പുത്രനാണെന്ന പേരിൽ കേൾക്കാൻ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെൻസിറ്റീവ് ടോപ്പിക്കിൽ ഇമ്മാതിരി വർത്താനം പറയരുതെന്ന് ഷിംന ധ്യാനിനോട് വ്യക്തമാക്കി.
ഷിംന അസീസിന്റെ വാക്കുകൾ ഇങ്ങനെ:
തഗ് ലൈഫ് ഇന്റർവ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാൻ ശ്രീനിവാസൻ, അതിലേതോ ഒന്നിൽ മീ ടൂവിനെക്കുറിച്ച് പറഞ്ഞ് ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു, വിനീതവിധേയനായി കൂട്ടത്തിൽകൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും. ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരിൽ കേൾക്കാൻ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെൻസിറ്റീവ് ടോപ്പിക്കിൽ ഇമ്മാതിരി വർത്താനം പറയരുത്. മീ ടൂ എന്ന് പറഞ്ഞാൽ, ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവർ കാലങ്ങൾക്ക് ശേഷം ധൈര്യം ആർജിച്ച് അത് പുറത്ത് പറയുന്നതാണ്. അവരവർ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നൽ പടുവിഡ്‌ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വൽ അസോൾട്ട് പോലെയുള്ളവ നൽകുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ.
Post Your Comments