ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രമായിരുന്നു ‘സു…സു…സുധി വാത്മീകം‘. ജയസൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ സിനിമ. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ദേശീയ അവാര്‍ഡും, കേരള സംസ്ഥാന പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചിരുന്നു. രഞ്ജിത്ത് ശങ്കറും അഭയകുമാറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ശിവദയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
പ്രജേഷ് സെൻ ഒരുക്കുന്ന ‘മേരി ആവാസ് സുനോ‘ എന്ന ചിത്രത്തിൽ വീണ്ടും ജയസൂര്യയുടെ നായികയായി ശിവദ എത്തുകയാണ്. ഇപ്പോളിതാ, ജയസൂര്യയുടെ സിനിമയോടുള്ള സമര്‍പ്പണത്തെ കുറിച്ച് പറയുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.
ശിവദയുടെ വാക്കുകൾ:
ഞാന്‍ ആദ്യമായി ‘സു…സു… സുധി വാത്മീകം‘ എന്ന ചിത്രത്തിലാണ് ജയേട്ടനൊപ്പം അഭിനയിച്ചത്. എന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് ജയേട്ടന്‍. അതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ജയേട്ടനും അദ്ദേഹത്തിന്റെ ഭാര്യ സരിത ചേച്ചിയും എനിക്ക് കുടുബാംഗങ്ങളെ പോലെയാണ്. നമ്മളെ അത്രയും അറിയുന്ന ഒരാളും, എപ്പോഴും നമ്മളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളുമാണ് അദ്ദേഹം.
ഒരു നടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ വളര്‍ച്ചയും പരിവര്‍ത്തനവും കണ്ട ആളാണ് ഞാൻ. ഓരോ പടത്തിനും വേണ്ടി അദ്ദേഹം എടുക്കുന്ന പരിശ്രമവും, ഓരോ കഥാപാത്രത്തിന് വേണ്ടിയുള്ള സമര്‍പ്പണവും എപ്പോഴും എനിക്ക് പ്രചോദനമായിട്ടുണ്ട്. ഞാന്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
‘സു…സു…സുധി വാത്മീകം ‘ സിനിമയിലെ സുധി എന്ന കഥാപാത്രത്തിന് വേണ്ടി ജയേട്ടന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം, സിനിമയുടെ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു. ഇതുപോലെ ഓരോ കഥാപാത്രത്തിനും അത്രയും ഡെഡിക്കേഷന്‍ ജയേട്ടന്‍ കാണിക്കുന്നുണ്ട്.
ശിവദയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ‘ മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബി. രാകേഷാണ് നിർമ്മിക്കുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘മേരി ആവാസ് സുനോ‘.
Post Your Comments