ജയറാം, മീരാ ജാസ്മിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമാണ് മകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നസ്‌ലിനും എത്തുന്നുണ്ട്. രോഹിത് എന്ന കഥാപാത്രത്തെയാണ് നസ്‍ലിൻ അവതരിപ്പിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട്, നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് നസ്‍ലിൻ കയ്യടി നേടി.
ഇപ്പോളിതാ, നസ്‌ലിനെ മനസിൽ കണ്ട് തന്നെയാണ് രോഹിത് എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. തണ്ണീർ മത്തൻ ദിനങ്ങൾ കണ്ടത് മുതൽ നസ്‌ലിനെ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
തണ്ണീർമത്തൻ ദിനങ്ങൾ മുതൽ ഞാൻ നസ്‌ലിനെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ മാത്രമല്ല ഇക്ബാലും എന്റെ മക്കളുമൊക്കെ ഇവനെ ശ്രദ്ധിച്ചിട്ടുണ്ട്. നസ്‌ലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ് മകൾ എന്ന സിനിമയിലെ രോഹിത്. അവൻ അഭിനയിക്കുന്ന പല സീനിലും ക്യാമറ മുന്നിലുണ്ടെന്ന് തോന്നിപ്പിക്കാതെ ബിഹേവ് ചെയ്യുന്ന വലിയ ഒരു ക്വാളിറ്റി നസ്‍ലിനുണ്ട്. ആക്ടിങ് വേറെ ബിഹേവിങ് വേറെ. അവൻ ആക്ട് ചെയ്യുന്നില്ല. അവൻ അവന് തോന്നുന്ന രീതിയിൽ അവന്റെ ഭാഷയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ്.
ഒരു സിനിമയുടെ ഭാഗമാകുമ്പോൾ അതൊരു ജോലിയല്ലാത്ത വിധത്തിൽ മാറാൻ പറ്റുമ്പോഴാണ് ഒരു നടൻ ജനുവിനായി മാറുന്നത്. അത്തരത്തിൽ ഒരു ജനുവിൻ നടനാണ് നസ്‌ലിൻ.
ഭയങ്കര പൊട്ടിച്ചിരിയുണ്ടാക്കിയ കുറേ സീനുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായിട്ടുണ്ട്. ഇവന്റെ അഭിനയം കണ്ട് ജയറാമൊക്കെ അന്തംവിട്ട് നോക്കി നിന്നിട്ടുണ്ട്. എന്ത് രസമായിട്ടാണ് നസ്‌ലിൻ പെർഫോം ചെയ്യുന്നതെന്ന് ജയറാം എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്.
Post Your Comments