മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ ജീവിത കഥ പറയുന്ന ‘മേജർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലുള്ള ട്രെയിലറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നടൻ പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തുവിട്ടത്. മേജർ ട്രെയിലർ പുറത്തുവിടുന്നതിൽ അഭിമാനിക്കുന്നുവെന്നും ചിത്രത്തിന്റെ എല്ലാ അംഗങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ജൂൺ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.
അദിവി ശേഷാണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശോഭിത ധൂലി പാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സാഷി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം, നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. സോണിയുടെ തെലുങ്കിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്.
2008 നവംബർ 26ന് മുംബൈയിലെ താജ്മഹൽ പാലസിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻഎസ്ജി കമാൻഡോ ആയിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ. 14 സിവിലിയന്മാരെ സന്ദീപ് രക്ഷിച്ചിരുന്നു. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റ് മരിച്ചത്.
Post Your Comments