കൊച്ചി: സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ ബ്രെയിൻ’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ മധു- മമ്മൂട്ടി- എസ്എന്‍ സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം, കാലത്തിനനുസൃതമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറല്ല, എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഇപ്പോൾ, സിബിഐ അഞ്ചിന് എതിരായി ഉയരുന്ന വിമര്‍ശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി.
ചിത്രത്തെക്കുറിച്ച് 75 ശതമാനവും വളരെ അനുകൂലമായ അഭിപ്രായവും, 25 ശതമാനം സമ്മിശ്ര പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ എസ്എന്‍ സ്വാമി വ്യക്തമാക്കി. ഏത് സിനിമയായാലും അങ്ങനെയുണ്ടാകുമെന്നും റെസ്‌പോണ്‍സ് നോക്കുമ്പോള്‍, മിക്‌സഡിനേക്കാളും മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘പിന്നെ കാലഘട്ടത്തിന്റെ വ്യത്യാസവുമുണ്ടാകും. ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണം എന്നില്ല. അതേസമയം, അല്‍പം മെച്വേര്‍ഡ് ആയവര്‍ക്ക്, പക്വതയുള്ളവര്‍ക്ക് സിനിമ വളരെ ഇഷ്ടപ്പെടും. ഒരു സിബിഐ സിനിമകള്‍ക്കും കാണാത്ത അത്ര സ്ത്രീകളുടെ തിരക്ക്, ഈ സിനിമയ്ക്ക് തിയേറ്ററില്‍ കണ്ടു. അത് ഭയങ്കര അത്ഭുതമാണ്. എനിക്ക് അങ്ങനെ യാതൊരു കാല്‍ക്കുലേഷനും ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല,’ എസ്എന്‍ സ്വാമി വ്യക്തമാക്കി.
Post Your Comments