വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് എന്നും പ്രേക്ഷക മനസിൽ ഇടപിടിച്ച ചിത്രങ്ങളാണ് എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയത്. പെർഫെക്ഷനിസ്റ്റ് സംവിധായകരുടെ ഗണത്തിൽ പെടുന്നയാളാണ് രാജമൗലി എന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ഇക്കഴിഞ്ഞ മാർച്ചിൽ റിലീസായ ആർആർആർ ആണ് രാജമൗലിയുടെ സംവിധാനത്തിൽ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൺ, ആലിയാ ഭട്ട് എന്നിവരാണ് സിനിമയിൽ അണിനിരന്നത്. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോളിതാ, തന്റെ സിനിമകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയ സംവിധായകൻ. സിനിമ മികച്ചതാക്കാൻ നന്നായി ബുദ്ധിമുട്ടാറുണ്ടെന്നാണ് രാജമൗലി പറയുന്നത്.ടൈംസ് നെറ്റ് വർക്ക് ലീഡർഷിപ്പ് സമ്മിറ്റിൽ നടൻ അനുപംഖേറുമായി സംസാരിക്കവേയാണ് രാജമൗലി ഇക്കാര്യങ്ങൾ പറഞ്ഞത്.
രാജമൗലിയുടെ വാക്കുകൾ:
സിനിമ പൂർത്തിയാക്കാൻ കുറച്ച് സമയമെടുക്കുന്നതിനാൽ പെർഫെക്ഷനിസ്റ്റ് എന്നാണ് ആളുകൾ തന്നെ വിശേഷിപ്പിക്കുന്നത്. എന്നാൽ, അതിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് ഞാൻ. എല്ലാം മികച്ചതാക്കാൻ ഇഷ്ടമാണ്. നിങ്ങൾ മികവിന്റെ തൊട്ടടുത്തെത്തും. പക്ഷേ ഒന്നും ഒരിക്കലും അതിന്റെ പരിപൂർണതയിലെത്തില്ല.
ആദ്യ ചിത്രമായ സ്റ്റുഡന്റ് നമ്പർ വൺ എടുക്കുമ്പോൾ ക്രെയിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. നല്ല ഒരു ഷോട്ട് തിരഞ്ഞെടുക്കാൻ ഇപ്പോഴും എനിക്ക് അറിയില്ല.കൃത്യമായി തീരുമാനമെടുക്കാൻ കഴിയാത്ത നിരവധി സംഭവങ്ങൾ ചിത്രീകരണ വേളകളിലുണ്ടായിട്ടുണ്ട്. ഏതാണ് ശരിയായതെന്ന് അറിയാൻ പറ്റാറില്ല. പക്ഷേ, എന്താണ് തങ്ങൾക്ക് വേണ്ടതെന്ന കൃത്യമായ ധാരണയുള്ള സംവിധായകരും ഉണ്ട്.
Post Your Comments