മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവെക്കാനായി ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും ഇപ്പോൾ സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്താണ് അനൂപ് സത്യൻ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോളിതാ, മകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയ ശേഷം അത് വായിക്കാനായി അനൂപ് തന്റെ അടുത്ത് കൊണ്ടുവന്നതിനെ കുറിച്ചും താൻ പറഞ്ഞ വിമർശനങ്ങളെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യങ്ങൾ പറയുന്നത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയപ്പോൾ അനൂപ് എന്റെ അടുത്ത് കൊണ്ടു തന്നിരുന്നു. ഇന്റർവെൽ വരെ ഞാൻ കഥ വായിച്ചു. അതിൽ എനിക്ക് ഒരുപാട് കറക്ഷൻസ് തോന്നി. ഞാൻ അവനെ വിളിച്ചു, ഇതല്ല ഇതിന്റെ രീതി, ക്യാരക്ടേഴ്‌സുമായുള്ള പരസ്പരബന്ധമൊക്കെ എസ്റ്റാബ്ലിഷ് ചെയ്യാൻ സാധിക്കണം എന്നൊക്കെ പറഞ്ഞു. അവൻ ഓക്കെ ഓക്കെ എന്ന് പറഞ്ഞ് ആ സ്‌ക്രിപ്റ്റും വാങ്ങിച്ച് പോയി. പിന്നെ എനിക്ക് വായിക്കാൻ തന്നിട്ടില്ല.
പിന്നെ ഞാൻ കാണുന്നത് സിനിമയാണ്. സിനിമ കണ്ട ശേഷം സ്‌ക്രിപ്റ്റ് എനിക്ക് തരാതിരുന്നത് നന്നായി എന്ന് അവനോട് പറഞ്ഞു. വേറൊരു കാഴ്ചപ്പാടിലുള്ള ഫിലിം മേക്കിങ് ആണ് അത്. അതുകൊണ്ട് തന്നെ അഖിലിന്റെ സിനിമ വന്നപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് ഒരു അഭിപ്രായവും ഇല്ല. നിന്റെ സിനിമ നിന്റെ ഇഷ്ടമാണെന്ന്. അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്.
Post Your Comments