മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഒരുക്കുന്ന ചിത്രമാണ് ‘പുഴു’. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. ‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.
മെയ് 13ന് സോണി ലിവിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മലയാളത്തിൽ ആദ്യമായാണ് ഒരു സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി സിനിമ ചെയ്യുന്നത്.
ഇപ്പോളിതാ, നവാഗതർക്കൊപ്പം നിരവധി ഹിറ്റുകൾ സമ്മാനിച്ച മമ്മൂട്ടി റത്തീനയ്‌ക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി സിനിമാ വിശേഷങ്ങൾ പങ്കുവച്ചത്.
മമ്മൂട്ടിയുടെ വാക്കുകൾ:
കുറേക്കാലമായി റത്തീന എന്റെ സിനിമകളുടെ സെറ്റിൽ വരാറുണ്ട്. പരിചയമില്ലാത്ത ഒരാളെ പലവട്ടം സെറ്റിൽ കണ്ടപ്പോൾ എന്തിനാണ് വരുന്നത് എന്ന് ചോദിച്ചു. അപ്പോൾ തന്റെ കൈയിൽ ഒരു കഥയുണ്ടെന്ന് റത്തീന പറഞ്ഞു. അവരുടെ കഥ കേട്ടു. എന്നാൽ, അത് വലിയ കഥയായിരുന്നു. കോവിഡ് സമയത്ത് അത് എടുക്കാൻ പറ്റാതെ വന്നു. പിന്നീട്, തിരക്കഥാകൃത്ത് ഹർഷദുമായി പരിചയമായപ്പോൾ, നിങ്ങളുടെ കഥ റത്തീനയെ ഏൽപ്പിക്കാമോ എന്നു ചോദിച്ചു. അങ്ങനെയാണ് ഈ സിനിമയുടെ തുടക്കം.
എല്ലാവരും സംവിധായകരല്ലേ. അവർ സ്‌ത്രീയാണോ പുരുഷനാണോ എന്നല്ല പ്രശ്നം. അവരും സ്റ്റാർട്ടും ആക്‌ഷനും കട്ടുമൊക്കെത്തന്നെയല്ലേ പറയുന്നത്. വ്യത്യാസങ്ങളൊന്നുമില്ല. അവർക്ക് അവരുടേതായ ഇച്ഛാശക്തികളും ആജ്ഞാശക്തികളുമുണ്ട്. റത്തീന അവരുടെ റോൾ നന്നായി ചെയ്തു.
Post Your Comments