CinemaGeneralIndian CinemaLatest NewsMollywood

ആ കാര്യങ്ങൾ ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു, സിനിമയ്ക്ക് വേണ്ടി അതും ചെയ്യേണ്ടി വന്നു: ടൊവിനോ

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദിന്റെ ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് വൻ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. അതിനാൽ തന്നെ മികച്ചൊരു സിനിമയാക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയുമാണ്.

ചിത്രത്തിലെ ‘കണ്ണിൽ പെട്ടോളെ’ എന്ന ​ഗാനം ഈ അടുത്താണ് റിലീസായത്. പാട്ടിലെ ടോവിനോയുടെ മെയ്ക്ക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണവാളൻ വസീം ആയി മൂന്ന് ഗെറ്റപ്പുകളിലാണ് നടൻ എത്തുന്നത്. സിനിമയ്ക്കായി ടൊവിനോ 10 കിലോയോളം ഭാരം കുറച്ചതും വാർത്തയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത ടൊവിനോയെയാണ് ചിത്രത്തിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. കിടിലൻ ഡാൻസ് നമ്പറുമായാണ് താരം എത്തുന്നത്. ഇപ്പോളിതാ, വസീം എന്ന കഥാപാത്രത്തെ കുറിച്ചും തനിക്ക് ഒരിക്കലും സാധിക്കില്ല എന്നു കരുതിയ ഡാൻസ് സിനിമയ്ക്ക് വേണ്ടി ചെയ്തതിനെ കുറിച്ചും മനസ് തുറക്കുകയാണ് ടൊവിനോ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘വളരെ ഭംഗിയുള്ളതും ചിലപ്പോൾ വളരെ മോശമായതുമായ ശരീരഭാഷ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. ചിലപ്പോൾ അങ്ങേയറ്റം സ്വാതന്ത്ര്യം ലഭിക്കുന്ന കഥാപാത്രങ്ങളുണ്ട്. ചെയ്യുന്നതെല്ലാം ആസ്വദിക്കാൻ പറ്റുന്ന സിനിമകൾ. വസീം അതുപോലെയൊന്നോ അതിനുമപ്പുറമോ ഉള്ള കഥാപാത്രമാണ്.വർഷങ്ങൾക്കുമുമ്പ് എനിക്ക് ചില കാര്യങ്ങൾ ചെയ്യുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. പക്ഷേ, ഒരു കഥാപാത്രം അങ്ങനെ ആവശ്യപ്പെടുന്നു എങ്കിൽ അത് നമ്മൾ ചെയ്യേണ്ടി വരും. പ്രത്യേകിച്ച് നമുക്ക് ആത്‍മവിശ്വാസം നൽകുന്ന ഒരു നല്ല ടീം നമ്മോടൊപ്പം ഉണ്ടെങ്കിൽ’, ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button