മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയാണ് നടി മഞ്ജുവാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോളും ആരാധകർ പ്രിയതാരത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോളിതാ, താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘ആയിഷ’ സിനിമാ സെറ്റിലെ തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു’ എന്ന കുറിപ്പും ചിത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്.
ചിത്രത്തിൽ ‘ആയിഷ’യുടെ ഛായാഗ്രഹകൻ വിഷ്ണു ശർമ, ചീഫ് അസ്സോസിയേറ്റ് ബിനു ജി നായർ തുടങ്ങി മറ്റ് അണിയറപ്രവർത്തകരും ഉണ്ട്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ‘ആയിഷ’യുടെ സംവിധാനം. ആഷിഫ് കക്കോടിയാണ് രചന. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും റിലീസ് ചെയ്യും. ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് നിർമ്മാണം.
കൂടാതെ, അടുത്തിടെ സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുകയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന സംവിധായകൻ സനൽ കുമാറിനെതിരെ ഉള്ള മഞ്ജുവിന്റെ പരാതി ചർച്ചയായിരുന്നു. മഞ്ജു ആരുടെയൊക്കെയോ നിയന്ത്രണത്തിലാണെന്ന സംശയമാണ് താനുന്നയിച്ചതെന്നും, മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട് പക്ഷെ ശല്യപ്പെടുത്തിയിട്ടില്ലെന്നും സനൽ കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പോസ്റ്റ്.
Post Your Comments