ആഗോള ഫാഷൻ മാമാങ്കമായ മെറ്റ് ഗാല കഴിഞ്ഞ ദിവസമാണ് നടന്നത്. മെറ്റ് ഗാലയിൽ ഏവരുടേയും ശ്രദ്ധയാകർഷിച്ചത് സൂപ്പർ മോഡൽ കിം കർദാഷിയാൻ ആണ്. 1962 ൽ ഹോളിവുഡ് നടിയും മോഡലുമായ മെറിലിൻ മൺറോ ധരിച്ച വിശ്വ പ്രശസ്ത ഗൗണാണ് കിം ധരിച്ചത്. അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ബർത് ഡേ പാർട്ടിക്ക് മെറിലിൻ മൺറോ ധരിച്ച വസ്ത്രമായിരുന്നു ഇത്. 1440 ഡോളറാണ് മെർലിൻ ഈ ഗൗണിനായി മുടക്കിയത്. 6000 ക്രിസ്റ്റലുകളുള്ള ഈ ഗൗൺ ജീൻ ലൂയിസ് ആണ് ഡിസൈൻ ചെയ്തത്. പിൽക്കാലത്ത് അമേരിക്കൻ ഫാഷൻ ചരിത്രത്തിലെ അവിസ്മരണീയ വസ്ത്രമായി ഇത് മാറി.
നിലവിൽ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ഗൗൺ ധരിക്കാനായി മൂന്നാഴ്ച കൊണ്ട് കിം കർദാഷിയാൻ ഏഴ് കിലോ കുറച്ചെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. മെർലിൻ മൺറോയ്ക്കുശേഷം ആദ്യമായാണു മറ്റൊരാൾ ഈ ഗൗൺ ധരിക്കുന്നത്. മെർലിന്റെ ഗൗൺ ധരിച്ചതിനെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്നാണ് കിം വിശേഷിപ്പിച്ചത്.
അതേസമയം, കിം കർദാഷിയാനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ആരോഗ്യപരമായ രീതിയിലല്ലാതെ ശരീര ഭാരം കുറയ്ക്കുന്നത് സ്വന്തം ആരോഗ്യം കളയുന്നതിനൊപ്പം സമൂഹത്തിന് തെറ്റായ മാതൃകയാണ് നൽകുന്നതെന്നുമാണ് താരത്തിനെതിരായ വിമർശനം. ഒരു വസ്ത്രം പാകമാവാൻ വേണ്ടി ശരീരത്തെ ഇത്തരത്തിൽ ഭക്ഷണം കഴിക്കാതെ ഉപദ്രവിക്കണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി താരത്തിന്റെ ഫിറ്റ്നസ് ട്രെയ്നർ രംഗത്തെത്തി. അനാവശ്യമായി ഉയരുന്ന കുറ്റപ്പെടുത്തലുകളാണിതെന്നും മെലിയാൻ വേണ്ടി കിം ഭക്ഷണം കഴിക്കാതിരുന്നിട്ടില്ലെന്നും ട്രെയ്നർ ഡോൺ എ മാട്രിക്സ് പറഞ്ഞു.
Post Your Comments