നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടിയുടെ ലൈംഗിക പീഡന പരാതി ഉയർന്നതിന് ശേഷം, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് താരങ്ങൾ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇപ്പോളിതാ, നടൻ ഹരീഷ് പേരടിയും സംഘടനയിൽ നിന്നും രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. താൻ രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് നടൻ സുരേഷ്ഗോപിയാണെന്നാണ് ഹരീഷ് പേരടി പറയുന്നത്.
‘ നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം എന്നാണ് സുരേഷേട്ടൻ പറഞ്ഞത്. പക്ഷെ ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനത്തോടെയും സ്നേഹപൂർവ്വവും നിരസിക്കുകയാണ് ചെയ്തത്. സുരേഷ് ഗോപിയുമായി രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ട്, പലപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വിമർശിച്ചിട്ടുണ്ട്. എന്നാൽ, പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്. ഈ നിമിഷം സുരേഷ് ഗോപിയെ ഓർക്കാതെ പോയാൽ വലിയ നന്ദിക്കേടാവും’, ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
താൻ ഫേസ്ബുക്കിലൂടെ മാത്രമല്ല രാജി പ്രഖ്യാപിച്ചതെന്നും, സംഘടനയുടെ പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേഴ്സണൽ നമ്പറിലേക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, രാജിക്കത്ത് കിട്ടിയ ശേഷവും ഇരുവരും തന്നെ വിളിച്ചിട്ടില്ലെന്നും നടൻ പറയുന്നു.
Post Your Comments