മോഹൻലാൽ അവതാരകനായി എത്തുന്ന, ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയിലൂടെ കടന്നു പോകുകയാണ്. വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയില്‍ നോമിനേഷനിലൂടെ ബ്ലെസ്ലിയും ദില്‍ഷയും കഴിഞ്ഞ ദിവസം ജയിലിലായി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഷോയുടെ പുതിയ പ്രമോയാണ്.
ബിഗ് ബോസ് വീട്ടില്‍ അടുത്തതായി നടക്കാന്‍ പോകുന്ന ക്യാപ്റ്റന്‍സി ടാസ്‌ക് സംഭവബഹുലമായിരിക്കുമെന്ന സൂചയാണ് പ്രമോ നൽകുന്നത്. ജാസ്മിന്‍, റോണ്‍സണ്‍, ലക്ഷ്മി പ്രിയ, നിമിഷ, ധന്യ, സുചിത്ര, സൂരജ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ലക്ഷ്മി പ്രിയയ്‌ക്കെതിരെയാണ് ആദ്യം വാദം ഉയരുന്നത്.
കൃത്യമായി ഒരു കാര്യം പോലും ഇവിടെ നടക്കുന്നില്ല എന്നത് പരാജയം തന്നെയാണെന്ന് ലക്ഷ്മി പ്രിയ പറയുമ്പോൾ ചേച്ചി, ചേച്ചിയുടെ കുറ്റങ്ങള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയൂ എന്നാണ് സുചിത്രയുടെ മറുപടി. ഞങ്ങള്‍ കഷ്ടപ്പെട്ട് നേടിയ പോയന്റ്‌സ് കൊണ്ട് കളഞ്ഞിട്ട് ഇവിടെയിരുന്ന് പ്രസംഗിക്കുകയാണെന്ന് നിമിഷയും പറയുന്നതോടെ തന്റെ കസേര തട്ടിയിട്ട ശേഷം വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി പോവുന്ന ലക്ഷ്മി പ്രിയയാണ് പ്രമോയുടെ ചർച്ചയ്ക്ക് കാരണം. നിലവില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ അഖിലാണ്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്ന് അറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
Post Your Comments