മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വിക്രം, പ്രകാശ് രാജ്, തൃഷ, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്.
ഇപ്പോളിതാ, തന്റെ കരിയറിലെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’ എന്ന് പറയുകയാണ് എ ആർ റഹ്മാൻ. മണിരത്നത്തിന്റെ സങ്കൽപ്പത്തിലുള്ള ശബ്ദം കൊണ്ടുവരുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എആർ റഹ്മാന്റെ വാക്കുകൾ:
വ്യത്യസ്തവും എന്നാൽ സിനിമയുടെ സന്ദർഭങ്ങളോട് ചേർന്ന് നിൽക്കുന്നതുമായ സംഗീതമായിരുന്നു മണിരത്നത്തിന് വേണ്ടത്. ഒരുപാട് ജോലിയുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ‘പൊന്നിയിൻ സെൽവൻ’ എന്ന് ഇതിഹാസ ചിത്രം. സിനിമക്കായുള്ള പാട്ട് ഒരുക്കാൻ വേണ്ടി മാത്രം ഏകദേശം ആറ് മാസമെങ്കിലും എടുത്തു. ചില പാട്ടുകൾ എഴുതാൻ ബാലിയിൽ വരെ പോകേണ്ടി വന്നു. അദ്ദേഹത്തിന് ഒരു പ്രത്യേക ശബ്‌ദമായിരുന്നു വേണ്ടത്. അത് ഒരേസമയം വ്യത്യസ്തവും എന്നാൽ സിനിമയുടെ സന്ദർഭവുമായി ചേർന്നുനിൽക്കുന്നതുമാകണം. അത് കണ്ടെത്താൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപക്ഷേ ഇതുവരെയുള്ള എന്റെ സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രമാണ് ഇത്.
Post Your Comments