കൊച്ചി: വിജയ് ബാബുവിനെതിരെ യുവനടി നൽകിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി, ശ്വേത മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ, താരസംഘടനയായ അമ്മ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് നടൻ ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നു. സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന സംഘടനയിൽ നിന്നും തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് താരം ആവശ്യപ്പെടുന്നു.
‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി മറ്റ് അംഗങ്ങളെ… പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു’, ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, വിജയ് ബാബുവിനെതിരെ സ്വീകരിച്ച മൃദു സമീപനത്തെ ചൊല്ലിയാണ് ‘അമ്മ’ സംഘടനയിൽ തർക്കം നിലനിൽക്കുകയാണ്. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിച്ചവരുടെ വാദം. ദീർഘനേരത്തെ ചർച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്.
Post Your Comments