CinemaGeneralIndian CinemaLatest NewsMollywood

മലയാള സിനിമയ്ക്ക് അഭിമാനം: ‘തമ്പ്’ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

മലയാള സിനിമയെ ലോക സിനിമയുടെ മുന്നിൽ കൈപിടിച്ചുയർത്തിയ സംവിധായകരിൽ ഒരാളാണ് ജി അരവിന്ദൻ. മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു പിടി ചിത്രങ്ങൾ അരവിന്ദൻ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോളിതാ, അദ്ദേഹം സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കാൻ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 1978ലാണ് ‘തമ്പ്’ പുറത്തിറങ്ങിയത്. ഒരു ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നെടുമുടി വേണു, ഭരത് ഗോപി, ജലജ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കാനിൽ പ്രദർശിപ്പിക്കുന്നതിനായി ‘തമ്പ്’ പുനഃരവതരിപ്പിക്കുന്നത് ചലച്ചിത്ര നിർമ്മാതാവും ആർക്കൈവിസ്റ്റുമായ ശിവേന്ദ്ര സിംഗ് ദുംഗർപൂരിന്റെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ്. ‘തമ്പ്’ പോലൊരു മികച്ച ചിത്രം പുനഃസ്ഥാപിക്കുന്നതിൽ അഭിമാനമെന്നാണ് ശിവേന്ദ്ര സിംഗ് ദുംഗർപൂർ പ്രതികരിച്ചത്. താൻ പുനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്ന സമയമാണ് ആദ്യമായി ‘തമ്പ്’ കാണുന്നതെന്നും ആ സമയം മുതൽ തന്റെ മനസ്സിൽ ഒരു സ്ഥാനം ചിത്രം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം പുനഃരവതരിപ്പിക്കുന്നതിൽ സന്തോഷമെന്നാണ് ജി അരവിന്ദന്റെ മകൻ രാമു അരവിന്ദൻ പ്രതികരിച്ചു.

മെയ് 17നാണ് കാൻ ചലച്ചിത്രമേള ആരംഭിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുകോൺ ജൂറി അംഗമായിരിക്കും എന്ന പ്രത്യേകതയും ഈ വർഷത്തെ മേളയ്ക്കുണ്ട്. മെയ് 28ന് മേള അവസാനിക്കും.

shortlink

Post Your Comments


Back to top button