ബോക്സ് ഓഫീസ് തകർത്ത് വാരി യാഷ് നായകനായെത്തിയ ‘കെജിഎഫ് ചാപ്റ്റർ 2 ‘ ജൈത്രയാത്ര തുടരുകയാണ്. ഇതിനിടെ, അല്ലു അർജ്ജുൻ ചിത്രം ‘പുഷ്പ 2 ‘ ന്റെ ചിത്രീകരണം സംവിധായകൻ നിർത്തി വച്ചുവെന്ന് റിപ്പോർട്ടുകൾ എത്തിയിരുന്നു. ‘കെജിഎഫ് ചാപ്റ്റർ 2 ‘ വിനേക്കാൾ മികച്ച രീതിയിൽ ‘പുഷ്പ 2 ‘ ഒരുക്കുന്നതിനായാണ് ചിത്രീകരണം താത്കാലികമായി നിർത്തിയതെന്നായിരുന്നു വാർത്ത. ഇതിനായി ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റം വരുത്താനാണ് നീക്കമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇപ്പോളിതാ, ഈ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് വൈ. രവിശങ്കർ. തിരക്കഥയിൽ മാറ്റം വരുത്താനാണ് സിനിമയുടെ ചിത്രീകരണം തത്ക്കാലം നിർത്തിയത് എന്ന വാർത്ത അദ്ദേഹം തള്ളി. ഹൈ വോൾട്ടേജ് അനുഭവം സാധ്യമാക്കുന്ന തിരക്കഥയാണ് കയ്യിലുള്ളതെന്നും അങ്ങനെയുള്ളപ്പോൾ എന്തിനാണതിൽ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ചിത്രത്തെ ഒരു രീതിയിലും ‘കെ.ജി.എഫ് ‘ബാധിക്കില്ല. ‘പുഷ്പ’യുടെ സംവിധായകൻ സുകുമാർ നേരത്തേ തയാറാക്കിയ തിരക്കഥയിൽ ഒരു മാറ്റവുമുണ്ടാവില്ല. വളരെ മനോഹരമായിത്തന്നെ അദ്ദേഹമത് ചിത്രീകരിക്കുകയും ചെയ്യും’, വൈ. രവിശങ്കർ പറഞ്ഞു.
അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ‘പുഷ്പ’യുടെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് കിട്ടിയത്. മികച്ച ബോക്സ് ഓഫീസ് കളക്ഷനും ചിത്രം നേടിയിരുന്നു. ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരൻ പുഷ്പരാജ് ആയിട്ടായിരുന്നു അല്ലു എത്തിയത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തി.
Post Your Comments