കോമഡി വേഷങ്ങളിലൂടെയെത്തി മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. പിന്നീട്, താരം സീരിയസ് വേഷങ്ങളിലേക്ക് വഴിമാറി. നിരവധി ഹിറ്റ് ചിത്രങ്ങളാണ് സുരാജിന്റേതായി മലയാളികൾക്ക് കിട്ടിയത്. ‘ജന ഗണ മന‘ എന്ന ചിത്രമാണ് താരത്തിന്റേതായി നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് കോമഡി വേഷങ്ങളിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നും, ‘കരിക്ക്‘ ടീമിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും സുരാജ് പറഞ്ഞിരുന്നു. ഈ വാർത്ത വന്നതോടെ, താരത്തെ ഒരിക്കൽ കൂടി മുഴുനീള കോമഡി റോളിൽ കാണാനുള്ള ആവേശത്തിലായിരുന്നു ആരാധകർ.
എന്നാൽ, ഇപ്പോളിതാ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ‘കരിക്ക്‘ ടീം സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ നിഖിൽ പ്രസാദ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നിഖില്‍ ഇക്കാര്യം അറിയിച്ചത്. സുരാജുമായി പുതിയ കോമഡി ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘ഒരു കാര്യം വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. ഞാനോ എന്റെ കമ്പനിയിലെ ആരും സിനിമയുടെ ചര്‍ച്ചയ്ക്കായി സുരാജേട്ടനെ സമീപിച്ചിട്ടില്ല. ഇനി അഥവാ കരിക്കിന്റെ പേരില്‍ ആരെങ്കിലും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെങ്കില്‍ അത് ഞങ്ങളല്ല. നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള കാലത്തിനായി ഞങ്ങള്‍ തീര്‍ച്ചയായും കാത്തിരിക്കും സുരാജേട്ടാ,’ എന്നായിരുന്നു നിഖിലിന്റെ കുറിപ്പ്.
Post Your Comments