നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സമന്‍സ് അയച്ചു. പിതൃത്വ അവകാശവാദക്കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുര മേലൂര്‍ സ്വദേശി കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വാദം നിഷേധിച്ച് താരം ജനന സർട്ടിഫിക്കട്ട് അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ധനുഷ് ഹാജരാക്കിയ തെളിവുകളില്‍ പോലീസ് അന്വേഷണം വേണമെന്ന് കതിരേശന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ധനുഷിന് സമന്‍സ് അയച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശന്റെയും ഭാര്യയുടേയും അവകാശവാദം. മകനായ ധനുഷ് തങ്ങൾക്ക് ജീവിക്കാനുള്ള പണം നൽകണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, താൻ സംവിധായകന്‍ കസ്തൂരിരാജയുടെ മകന്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.
Post Your Comments