ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് നിലപാടെന്ന് ഡബ്ല്യൂസിസി. ഇത് സംബന്ധിച്ച് മന്ത്രിക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നാണ് കരുതുന്നതെന്നും സിനിമാ പ്രവർത്തക ദീദി ദാമോദരൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന മന്ത്രി പി.രാജീവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
രേഖാമൂലം സർക്കാരിന് നൽകിയ ആവശ്യങ്ങളിൽ ഡബ്ല്യൂസിസി ഉറച്ചുനിൽക്കുന്നുവെന്നും ദീദി ദാമോദരൻ വ്യക്തമാക്കി. ’മൊഴി നൽകിയവരുടെ വിവരങ്ങൾ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എല്ലാവരും രഹസ്യ സ്വഭാവമുള്ള മൊഴിയല്ല കൊടുത്തത്. ഞാൻ കൊടുത്തത് രഹസ്യ സ്വഭാവമുള്ള മൊഴിയല്ല. രഹസ്യ സ്വഭാവമുള്ള മൊഴികൾ ഒഴിവാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടേണ്ടതാണ്. റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി പറഞ്ഞിട്ടില്ല’- ദീദി ദാമേദരൻ പറഞ്ഞു. മാല പാർവതിയുടെ രാജി സ്വാഗതാർഹമാണെന്നും പ്രതികരിക്കേണ്ടവർ മൗനം പാലിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ’വിമൻ ഇൻ സിനിമ കളക്ടീവ്’ ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രി പി രാജീവ് പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് ഡബ്ല്യൂസിസി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments