ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ കൂടൂതൽ സമയം ആവശ്യപ്പെട്ട് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഔദ്യോഗിക യാത്രയിലാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് വിജയ് ബാബു ഇ-മെയില്‍ അയച്ചു. ഈ മാസം 19 വരെയാണ് താരം സമയം ചോദിച്ചത്. എന്നാല്‍, കൂടുതൽ സമയം അനുവദിക്കില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമുള്ള നിലപാടിലാണ് പൊലീസ്. സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച് ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മറുപടി നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വേനല്‍ അവധിക്ക് ശേഷം തിരിച്ചെത്തുന്ന കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും. പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്.
കോഴിക്കോട് സ്വദേശിനിയായ യുവ നടിയാണ് താരത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നൽകാമെന്ന് പറഞ്ഞ് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ നഗ്നവീഡിയോ പകർത്തിയ വിജയ് ബാബു, അത് പുറത്തുവിട്ട് തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറയുന്നു.
Post Your Comments