ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ‘അമ്മ’യിൽ രണ്ട് പക്ഷമില്ലെന്ന് നടൻ മണിയൻ പിള്ള രാജു. പുറത്ത് പോകാമെന്ന് അറിയിച്ചയാളാണ് വിജയ് ബാബു, അങ്ങനെയുള്ള ഒരാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒരാൾ കുറ്റം ചെയ്തെന്ന് കരുതി അയാളെ ഉടൻ സംഘടനയിൽ നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. അയാളുടെ വിശദീകരണം കേൾക്കണം. മൂന്ന് ഹിയറിങ്ങുകൾക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ നടപടിയെടുക്കാൻ കഴിയൂ. തങ്ങൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകരോട് ചോദിച്ച ശേഷമാണ് തീരുമാനമെടുത്തത്. മാലാ പാർവതി ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. മാല പാർവ്വതി അമ്മയിൽ സജീവമല്ല. സമിതിയിലെ ബാക്കി അംഗങ്ങൾ അമ്മയ്‌ക്കൊപ്പമാണ്’, മണിയൻ പിള്ള രാജു വ്യക്തമാക്കി.
ഐസിസി നിർദ്ദേശം പരിഗണിച്ചില്ലെന്ന വാദത്തിൽ പ്രസക്തിയില്ലെന്നും, ‘അമ്മ’ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. അമ്മയിലെ കൂടുതൽ അംഗങ്ങളും സ്ത്രീകളാണെന്നും സംഘടന ഒറ്റക്കെട്ടാണെന്നും നടൻ പറഞ്ഞു.
Post Your Comments