മലയാളികളുടെ മനസിൽ ജനപ്രിയ നായകന്റെ റോൾ പിടിച്ചു പറ്റിയ താരമാണ് ജയറാം. നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘മകൾ‘. ‘ഭാഗ്യദേവത‘ എന്ന ചിത്രത്തിന് ശേഷം ജയറാം- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് ഒന്നിച്ച ചിത്രം കൂടിയാണിത്. ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടി മീരാ ജാസ്മിൻ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്രമായ അഭിപ്രായങ്ങളാണ് കിട്ടുന്നത്. ഇപ്പോളിതാ, ചിത്രത്തെ കുറിച്ചും , മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും വാചാലനാവുകയാണ് ജയറാം. കോവിഡിന് മുന്നേ താനൊരു തീരുമാനമെടുത്തിരുന്നുവെന്നും മനസ്സിന് നൂറുശതമാനം തൃപ്തിതരുന്ന സിനിമകൾമാത്രം ചെയ്താൽ മതിയെന്നായിരുന്നു ആ തീരുമാനം എന്നുമാണ് ജയറാം പറയുന്നത്. പുതിയ ചിത്രം ചെയ്തപ്പോൾ നമ്മെ വിട്ടുപോയ അതുല്യ പ്രതിഭകളെയെല്ലാം മിസ് ചെയ്തുവെന്നും പറയുകയാണ് താരം. സിനിമയുടെ പ്രമേഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ജയറാമിന്റെ വാക്കുകൾ:
പുതിയ സിനിമ ചെയ്തപ്പോൾ നമ്മെ വിട്ടുപോയ അതുല്യ പ്രതിഭകളെ എല്ലാവരും മിസ് ചെയ്‌തു. ഇപ്പോൾ ‘മകൾ’ ഷൂട്ട് ചെയ്തപ്പോൾ അന്നത്തെ സംഘത്തിലുള്ള പലരും കൂടെയില്ല. അതൊരു വേദനപോലെ ഞങ്ങളുടെ ഉള്ളിലുണ്ട്. ഈ സിനിമയിൽ പല സീനുകളുമെടുക്കുമ്പോൾ ഞാൻ സത്യേട്ടന്റെ മുഖത്തേക്ക് നോക്കും. ഈ കഥാപാത്രം ഇന്നയാളെ ഉദ്ദേശിച്ചല്ലേ ഉണ്ടാക്കിയത്. അപ്പോൾ സത്യേട്ടൻ ഒന്ന് മൂളും. ഒടുവിലോ ശങ്കരാടിച്ചേട്ടനോ പറവൂർ ഭരതനോ ലളിതച്ചേച്ചിയോ ഒക്കെ അവതരിപ്പിക്കാനിരുന്ന വേഷങ്ങളാവും അതെന്ന് സത്യേട്ടന്റെ മുഖം വിളിച്ചുപറയുന്നുണ്ടാവും. ഈ സിനിമയിലും ഓരോ ചെറിയ കഥാപാത്രങ്ങളായി വന്നു പോവുമ്പോഴും ഞങ്ങൾ അവരെ ഓർക്കുന്നു, ഒപ്പം ആ കാലവും മനസിലേക്ക് വരുന്നുണ്ട്.
ഇന്നേവരെ ഞാൻ സത്യേട്ടനോട് അടുത്ത സിനിമയിൽ ഞാൻ ഉണ്ടോയെന്നോ, അല്ലെങ്കിൽ എനിക്കൊരു സിനിമയിൽ വേഷം തരുമോയെന്നോ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കേണ്ടി വന്നിട്ടുമില്ല. എനിക്ക് പറ്റിയ കഥാപാത്രം വരുമ്പോൾ അദ്ദേഹം എന്നെ വിളിച്ചിരിക്കും. അദ്ദേഹത്തിന്റെ ലൊക്കേഷനിലെ സന്തോഷം എന്താണെന്ന് പോയ പത്തുമുപ്പത്തിരണ്ട് വർഷമായിട്ട് അനുഭവിച്ചറിയുന്ന ഒരാളുമാണ് ഞാൻ. ഞങ്ങൾ തമ്മിലൊരു മാനസിക ഐക്യമുണ്ട്.
Post Your Comments