ബോസ്ക് ഓഫീസ് തകർത്തുവാരി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രമായ ‘കെജിഎഫ് ചാപ്റ്റർ 2‘. സിനിമയിൽ റോക്കി ഭായിയോടൊപ്പം തന്നെ മികച്ചു നിന്ന കഥാപാത്രമാണ് റോക്കിയുടെ അമ്മ. സ്‌ക്രീനിൽ പലപ്പോഴായി മിന്നി മറഞ്ഞു പോകുന്ന കഥാപാത്രമാണെങ്കിലും നായകനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന കരുത്തയായ കഥാപാത്രമായിരുന്നു അത്. ഇപ്പോൾ, സമൂഹ മാധ്യമങ്ങളിൽ അടക്കം ‘കെജിഎഫി’നും റോക്കി ഭായിക്കുമൊപ്പം ചർച്ച ചെയ്യപ്പെടുന്ന ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ് റോക്കിയുടെ അമ്മ. കന്നഡ സീരിയൽ താരമായ അർച്ചന ജോയിസ് ആണ് ചിത്രത്തിൽ റോക്കിയുടെ അമ്മയായെത്തിയത്. താരത്തിന്റെ ആദ്യ സിനിമ കൂടിയാണ് ‘കെജിഎഫ്’. ഇപ്പോളിതാ, ‘കെജിഎഫി‘ലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
അർച്ചനയുടെ വാക്കുകൾ:
സീരിയൽ നടിയായാണ് ഞാൻ അഭിനയ ജീവിതം തുടങ്ങുന്നത്. ‘കെജിഎഫി‘ലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ആദ്യം നോ പറഞ്ഞു. സംവിധായകൻ പ്രശാന്ത് നീൽ ആണ് എന്നെ തെരഞ്ഞെടുത്തത്. തുടർന്നുള്ള നിർബന്ധത്തിന്മേലാണ് കെജിഎഫിൽ അഭിനയായിക്കാൻ തീരുമാനിച്ചത്. കന്നഡ സിനിമയിൽ മികച്ച സംവിധായകരും നടന്മാരും നിരവധിയുണ്ട്. എന്നിരുന്നാലും ഇവിടെ ഒരു വലിയ ബ്രേക്ക് ത്രൂ അനിവാര്യമായിരുന്നു. അത്തരത്തിൽ കന്നഡ സിനിമയിൽ ഉണ്ടായ ഒരു വലിയ മാറ്റം തന്നെയാണ് ‘കെജിഎഫ്‘.
ഞാൻ അഭിനയിച്ച കഥാപാത്രത്തെ പറ്റി പറയുകയാണെങ്കിൽ, അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധം രണ്ട് സിനിമകളിലും ഹൈലൈറ്റായിരുന്നു. സ്ത്രീകൾ എപ്പോഴും ഒരു യോദ്ധാവ് തന്നെയാണ്. അമ്മ എന്ന് പറയുന്നത് ഈ ലോകത്തുളള എല്ലാവരുടെയും വലിയ ശക്തിയാണ്. അത് നമ്മൾ എവിടെ പോയാലും ഏതു സാഹചര്യത്തിൽ നിന്നാലും നമ്മോടൊപ്പം ആ ശക്തി ഉണ്ടാകും. അത് തന്നെയാണ് ഈ സിനിമയും പറഞ്ഞു വയ്ക്കുന്നത്. ആ വൈകാരികത ഈ ലോകത്തുള്ള എല്ലാവർക്കും ഒരുപോലെയാണ്.
Post Your Comments