ബലാത്സംഗ ആരോപണം നേരിടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ സിനിമാ താരങ്ങളായ ബാബുരാജും ശ്വേതാ മേനോനും രംഗത്ത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഇരുവരും ഉന്നയിക്കുന്നത്. ഇല്ലാത്ത പക്ഷം സംഘടനയിൽ നിന്നും രാജിവയ്ക്കാനാണ് തീരുമാനമെന്നാണ് താരങ്ങൾ അറിയിച്ചത്.
ബലാത്സംഗ ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ വിജയ് ബാബുവിനെ ‘അമ്മ’യില്‍ നിന്നും പുറക്കാത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേർന്ന കമ്മറ്റിയിലും ഭൂരിപക്ഷം പേരും വിജയ് ബാബുവിനെ പുറത്താക്കണമെന്ന അഭിപ്രായമാണ് അറിയിച്ചത്. അതേസമയം, വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ലെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
15 ദിവസം സമയം അനുവദിക്കണമെന്നും കോടതി വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പുറത്താക്കരുത് എന്നുമാണ് ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ അത്, ജാമ്യം ലഭിക്കുന്നതിനെ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു.
എന്നാല്‍, ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്ന നിലപാടെടുത്ത ഐസിസി നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തു. അതേസമയം, ഇന്ന് നടക്കുന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും വിജയ് ബാബു വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
Post Your Comments