മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളികൾ കണ്ട എക്കാലത്തെയും മികച്ച അഞ്ച് കുറ്റാന്വേഷണ കഥകൾ നൽകിയ തിരക്കഥാകൃത്താണ് എസ്.എൻ സ്വാമി. ‘സി.ബി.ഐ‘ സീരീസിലൂടെ ഓരോ തവണയും വമ്പൻ ട്വിറ്റുകളാണ് സ്വാമി നൽകിയത്. മമ്മൂട്ടി- കെ. മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടിന്റെ ‘സി.ബി.ഐ 5 ദി ബ്രെയ്ന്‍‘ തിയേറ്ററിലെത്തിയിരിക്കുകയാണ്. 1988 ല്‍ പുറത്തിറങ്ങിയ ‘ഒരു സി.ബി.ഐ ഡയറികുറിപ്പി‘ലൂടെ തുടങ്ങിയ ‘സി.ബി.ഐ‘ സീരീസിലെ അഞ്ചാം ഭാഗത്തിൽ എന്തൊക്കെയാണ് സ്വാമി കരുതിവച്ചതെന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
‘സി.ബി.ഐ‘ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തതിൽ പ്രധാന പങ്കുവഹിച്ചത് എസ്.എന്‍ സ്വാമിയുടെ തിരക്കഥ തന്നെയായിരുന്നു. കുറ്റാന്വേഷണ ചിത്രങ്ങള്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ എഴുതിയിരിക്കുന്നതും. ഇപ്പോളിതാ, താനെഴുതിയ ചില സിനിമകൾ വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് എസ്. എന്‍ സ്വാമി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എസ്. എന്‍ സ്വാമിയുടെ വാക്കുകൾ:
ഒരു കാലഘട്ടത്തില്‍ ഇമോഷണല്‍ സിനിമകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ, സിനിമ പഴയ കാലത്തില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. പഴയകാലത്തെ സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കുമായിരുന്നു. ആ കാലഘട്ടം മാറി.ഇന്ന് ജനങ്ങള്‍ കുറച്ചുകൂടി ചിന്തിക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പഴയകാലത്തേത് പോലെ ഇമോഷണല്‍, ഡ്രാമ സിനിമകള്‍ എടുത്താല്‍ ഓടില്ല, ജനങ്ങള്‍ക്ക് അത് താല്‍പര്യമില്ല.
ഒരു സിനിമയുടെ വിജയം മാത്രമല്ല. അതിന് വന്ന ക്രിട്ടിസിസം, അതുണ്ടാക്കിയ നെഗറ്റീവ് ഇംപാക്റ്റ്, ഇതെല്ലാം നമ്മളെ ബാധിക്കും. നമ്മള്‍ അത്ഭുത ജീവികളൊന്നുമല്ലല്ലോ, സാധാരണക്കാരനല്ലേ. ഏത് സിനിമയാണെന്ന് അങ്ങനെ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. പല സിനിമകളും അത്തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അത് തൊടണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
Post Your Comments