CinemaGeneralLatest NewsMollywood

ഈ സിനിമയിൽ അഭിനയിക്കണമെന്ന് ചേച്ചി ആ​ഗ്രഹിച്ചിരുന്നു, അത് നടന്നില്ല: കെ.പി.എ.സി. ലളിതയെ കുറിച്ച് സത്യൻ അന്തിക്കാട്

ജയറാം, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമാണ് മകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോളിതാ, സിനിമയിൽ കെ.പി.എ.സി ലളിതക്ക് ഒരു റോളുണ്ടായിരുന്നെന്നും എന്നാൽ അസുഖം മൂലം അത് ചെയ്യാൻ സാധിച്ചില്ലെന്നും പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:

ഞാൻ ഈ സിനിമ പ്ലാൻ ചെയ്തപ്പോൾ ജയറാമിനും മീരാ ജാസ്മിനും ശേഷം ആദ്യമേ വിളിച്ചു ബുക്ക് ചെയ്തത് ലളിത ചേച്ചിയെ ആയിരുന്നു. എന്റെ സിനിമ തുടങ്ങുമ്പോൾ തന്നെ ചേച്ചി വിചാരിക്കും ചേച്ചി ആ സിനിമയിലുണ്ടെന്ന്. അതുകൊണ്ട് ചേച്ചി അതിനു തയ്യാറായി ഇരിക്കുകയായിരുന്നു. ഞാൻ കാരക്ടർ ഒക്കെ പറഞ്ഞുകൊടുത്തു. ചേച്ചി ആ കാരക്ടറിന് വെക്കേണ്ട വിഗ് ഒക്കെ മേക്കപ്പ് മാനോട് പറഞ്ഞു സെറ്റ് ചെയ്തു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് എന്നോട് സേതു മണ്ണാർക്കാട് പറയുന്നത് ചേച്ചി സുഖമില്ലാതെ ദയ ഹോസ്പിറ്റലിൽ ആണെന്ന്. അന്നേരം ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ പറഞ്ഞു എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ ബി പി ചെക്ക് ചെയ്യാൻ വന്നതാണ്, എന്നാ ഡേറ്റ് എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ വരുമെന്ന്. ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ സിനിമയുടെ ഷൂട്ടിങ്‌ തുടർന്നത്.

അങ്ങനെയിരിക്കെ ഒരിക്കൽ സിദ്ധാർഥ് പറഞ്ഞു അമ്മക്ക് അഭിനയിക്കാൻ വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന്. അമ്മക്ക് ഓർമ വന്നും പോയും കൊണ്ടിരിക്കുകയാണെന്ന്. ഓർമ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കുകയായിരുന്നു വരുന്നുണ്ടെന്ന് പറയാൻ. ഇതിൽ അഭിനയിക്കണമെന്ന ആഗ്രഹം ചേച്ചിക്ക് ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് മനസ്സിലായി ചേച്ചിക്ക് വരാൻ സാധിക്കില്ലെന്ന്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് ചെയ്യാൻ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങൾ മാറ്റി. മകളിലേക്ക് ചേച്ചിയെ കൊണ്ടുവരാൻ പറ്റാത്തതിന്റെ സങ്കടമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button