CinemaGeneralLatest NewsMollywoodNEWS

‘അതോടെ ലാലിനെ കിട്ടാതായി, എന്നാല്‍ പിന്നെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു’: പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് – മോഹൻലാൽ കോമ്പോ ഒരുകാലത്ത് ഷുവർ ഹിറ്റ് സിനിമകൾ ആയിരുന്നു സമ്മാനിച്ചിരുന്നത്. മലയാളത്തിൽ എക്കാലവും ഓർത്തിരിക്കാൻ പാകത്തിൽ മനോഹരമായ ചിത്രങ്ങളാണ് ഇരുവരും ചേർന്ന് നൽകിയത്. എന്നാൽ, പിന്നീട് ഇവർ ഒരുമിച്ച സിനിമകൾ കാണാതായി. ഇതോടെ, തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും നിക്കാത്ത പിണക്കത്തിലേക്ക് ഇവർ വഴിമാറിയെന്ന് പാപ്പരാസികൾ പറഞ്ഞു തുടങ്ങി. അത് സത്യമാണെന്ന് പറയുകയാണ് സംവിധായകൻ ഇപ്പോൾ. മോഹന്‍ലാലുമായി താന്‍ പിണക്കത്തിലായിരുന്നുവെന്നും, ആ പിണക്കം പിന്നീട് ഇണക്കമായതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളം മൂവീസുമായി നടത്തിയ അഭിമുഖത്തിൽ ആണ് സത്യൻ അന്തിക്കാട് ഇക്കാര്യം തുറന്നു പറഞ്ഞത്.

‘എന്റെ സിനിമകളില്‍ വന്നിട്ടുള്ള ഭാഗ്യങ്ങളിലൊന്ന്, അല്ലെങ്കില്‍ സന്തോഷം എന്ന് പറയാവുന്നത് മോഹന്‍ലാലിനെ പോലുള്ള ഒരു അഭിനേതാവിനെ ക്യാമറയുടെ മുമ്പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം, 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.

Also Read;‘ഒരു ബോളിവുഡ് സിനിമ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം തീരും’: തെന്നിന്ത്യൻ സിനിമകൾ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായതിന്റെ കാരണത്തെ കുറിച്ച് പറയുകയാണെങ്കില്‍, പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.

പിന്നീട് ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റാതായി. ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. ലാലിന്റെ ഡേറ്റ് ഇനി ചോദിക്കണ്ട, ലാലിനെ വിട്ടേക്കാം എന്നും മനസ്സില്‍ വിചാരിച്ചു. പിന്നീട്, ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി. മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിച്ചില്ല. പക്ഷേ 12 വര്‍ഷം കഴിഞ്ഞെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

Also Read:അക്ഷയ് കുമാറിന്റെ സിനിമയില്‍ മൂന്ന് പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്താല്‍ നായികയാക്കാം, 24 ലക്ഷം ഓഫര്‍: വെളിപ്പെടുത്തി വർണിക

ആ പിണക്കം മാറിയത് രസമാണ്. മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയമായിരുന്നു അത്. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. ഞാനും ലാലും മിണ്ടാതിരിക്കുന്ന സമയമാണത്. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്’, സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button