ആർ.ആർ.ആർ, കെ.ജി.എഫ് 2, പുഷ്പ തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ വിജയത്തിൽ രാം ഗോപാല്‍ വര്‍മ്മ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഒരുപാട് സിനിമകൾ റീമേക്ക് ചെയ്യുന്ന ബോളിവുഡിന് ഇപ്പോൾ സ്വന്തമായി സിനിമയൊന്നുമില്ലെന്നും, സൗത്ത് ഇന്ത്യയെ കണ്ട് പഠിക്കണമെന്നുമുള്ള പരിഹാസങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം ചർച്ചകളോട് പ്രതികരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.
വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ലെന്നും, അതുകൊണ്ട് ഇപ്പോൾ ചർച്ചയാകുന്ന സിനിമകളെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും താരം വ്യക്തമാക്കി. തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തനിക്ക് പ്രത്യേകതകളൊന്നും തോന്നുന്നില്ലെന്ന് നവാസുദ്ദീന്‍ വ്യക്തമാക്കുന്നത്.
‘ഒരു സിനിമ നന്നായി വരുമ്പോള്‍ എല്ലാവരും ചേരുകയും അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുന്നു. എന്നാല്‍, ഒരു സിനിമ ഹിറ്റായില്ലെങ്കില്‍, ആളുകള്‍ അതിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ വിമര്‍ശിക്കുന്നു. ഇതൊരു ഫാഷന്‍ പോലെയാണ്, ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമ വന്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം മാറും. ഇതൊരു പ്രവണത മാത്രമാണെന്ന് ഞാന്‍ കരുതുന്നു’, നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.
Post Your Comments