‘ഇരുതി സുട്രു‘, ‘സൂരറൈ പോട്ര്‘ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കാര. മണി രത്നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ സുധ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏഴ് സിനിമകള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. രേവതി സംവിധാനം ചെയ്ത ‘മിത്ര് മൈ ഫ്രണ്ട് ‘എന്ന ചിത്രത്തിനായി സുധയാണ് തിരക്കഥയെഴുതിയത്. ‘സൂരറൈ പോട്ര്‘ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്ന തിരക്കിലാണ് സംവിധായിക ഇപ്പോൾ. അതേസമയം, തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയെക്കുറിച്ചുള്ള സുധ കൊങ്കാരയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. തനിക്കേറ്റവും ഇഷ്ടമുള്ള നടി ഉര്വശിയാണെന്നും, അവരുടെ മലയാളം സിനിമകളെല്ലാം താന്‍ കണ്ടിട്ടുണ്ടെന്നും പറയുകയാണ് സുധ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സൂരറൈ പോട്രി‘ല്‍ ഉര്‍വശിയെ ഇമോഷണല്‍ റോളിലേക്ക് കൊണ്ടുവരണമെന്ന ചിന്ത എങ്ങനെയുണ്ടായി എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ഉര്‍വശിയാണെന്ന് സുധ പറഞ്ഞത്. ‘ഉര്‍വശി മാമിന്റെ വലിയ ഫാനാണ് ഞാന്‍. ഇന്ന് ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന് ചോദിച്ചാല്‍ ഉര്‍വശി മാമിന്റെ പേരേ ഞാന്‍ പറയൂ. ചെറിയ പ്രായം മുതലേ അവരെ എനിക്ക് ഇഷ്ടമാണ്. ‘ദ്രോഹി‘ എന്ന സിനിമയിലെ അമ്മയുടെ കഥാപാത്രം ചെയ്യാനായി ഞാന്‍ ഉര്‍വശി മാമിനെ വിളിച്ചിരുന്നു. അപ്പോള്‍ പ്രഗ്നന്റ് ആയിരുന്നത് കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍, ആ കഥാപാത്രത്തിന്റെ ഡബ്ബിംഗ് ഉര്‍വശി മാമാണ് ചെയ്തത്‘, സുധ കൊങ്കര പറഞ്ഞു. ഉർവ്വശി മികച്ച അഭിനേത്രിയാണെന്നും, അവരുടെ മലയാള സിനിമകളെല്ലാം കണ്ടിട്ടുണ്ടെന്നും സുധ പറഞ്ഞു. മലയാളത്തില്‍ ഉർവ്വശി നിരവധി ഇമോഷണല്‍ റോളുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ‘സുരറൈ പോട്ര്‘ എന്ന ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി വീണ്ടും ഒരു സിനിമ ഒരുക്കുമെന്ന് സുധ അറിയിച്ചിരുന്നു. ‘കെ.ജി.എഫി‘ന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Post Your Comments