പിതൃത്വ അവകാശക്കേസിൽ നടൻ ധനുഷിന് ഹൈക്കോടതിയുടെ നോട്ടീസ്. താരം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കതിരേശന്റെ വാദം എതിർത്തു കൊണ്ട് നടൻ ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
താരം കോടതിയിൽ സമർപ്പിച്ച ഈ രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹർജി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ആരോപണം സാധൂകരിക്കാനുള്ള അനുബന്ധ രേഖകളൊന്നും ഹാജരാക്കിയില്ലെന്ന് പ്രസ്താവിച്ചായിരുന്നു കോടതി ഹർജി തള്ളിയത്. ഇതിനെതിരെയാണ് കതിരേശൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ധനുഷിന് ഹൈക്കോടതി നോട്ടീസയച്ചത്.
കുട്ടിക്കാലത്ത് നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശന്റെയും ഭാര്യയുടെയും അവകാശവാദം. ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങൾ ലേസർ ചികിത്സയിലൂടെ മായ്ച്ചെന്നും ഇവർ പറയുന്നു. യഥാർത്ഥ മാതാപിതാക്കളായ തങ്ങൾക്ക് ധനുഷ് പ്രതിമാസം പണം നൽകണമെന്ന ആവശ്യവും ഇവർ കോടതിയിൽ ഉന്നയിച്ചിരുന്നു. സംവിധായകൻ കസ്തൂരിരാജയുടെ മകൻതന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയിൽ ഹാജരാക്കിയത്.
Post Your Comments