‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച തെന്നിന്ത്യൻ നടിയാണ് ആൻഡ്രിയ ജെറമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ താരം പിന്നീട് അഭിനയത്തിലും സജീവമാകുകയായിരുന്നു. ‘അന്നയും റസൂലും’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായിക ആയിട്ടായിരുന്നു നടി എത്തിയത്. പിന്നീട്, ‘ലണ്ടൻ ബ്രിഡ്‌ജ്’, ‘തോപ്പിൽ ജോപ്പൻ’, ‘ലോഹം’ എന്നീ മലയാള ചിത്രങ്ങളിലും ആൻഡ്രിയ വേഷമിട്ടു. ഇപ്പോഴിതാ, ‘അന്നയും റസൂലും’ എന്ന സിനിമയെ കുറിച്ചും ഫഹദ് ഫാസിലിനോടൊപ്പമുള്ള അഭിനയത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. കൂടെ അഭിനയിച്ചവരിൽ മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.
ആൻഡ്രിയയുടെ വാക്കുകൾ:
‘അന്നയും റസൂലും’ സൈന്‍ ചെയ്യുമ്പോള്‍ ഫഹദ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് ഫഹദ് വലിയ സ്റ്റാർ ഒന്നുമല്ല. അദ്ദേഹം വളരെ നല്ല നടനാണ്. കൂടെ അഭിനയിച്ചതില്‍ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ്. ‘അന്നയും റസൂലി’നും ശേഷം അതുപോലെയുള്ള നല്ല സ്ക്രിപ്റ്റുകള്‍ മലയാളത്തില്‍ നിന്നും അധികം വന്നിട്ടില്ല. അതുകൊണ്ടാണ് കൂടുതല്‍ മലയാളം സിനിമകള്‍ ചെയ്യാതിരുന്നത്.
അനുരാഗ് കശ്യപിന്റെ എല്ലാ പടങ്ങളിലും ഡി.ഒ.പി ചെയ്തിരുന്നത് രാജീവ് രവിയാണ്. അങ്ങനെ രാജീവ് രവിക്ക് വേണ്ടിയാണ് ‘അന്നയും റസൂലും’ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയത്. റോമിയോ ജൂലിയറ്റ് കഥ പറയുന്നത് പോലെയാണ് സംവിധായകൻ ആ കഥ എന്നോട് പറഞ്ഞത്. തമിഴില്‍ നിന്നും ലവ് സ്റ്റോറികളൊന്നും കിട്ടിയിട്ടില്ല. മലയാളത്തില്‍ അത് ചെയ്യാന്‍ പറ്റി.
Post Your Comments