ചലച്ചിത്ര താരവും ഗായികയുമായ മൈഥിലി വിവാഹിതയായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് ഹൽദി ആഘോഷവും നടത്തിയിരുന്നു. മൈഥിലിയുടെ ബന്ധുക്കളും നടി ശ്രിന്ദ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട്, ‘കേരള കഫെ’, ‘ചട്ടമ്പിനാട്’, ‘ഈ അടുത്തകാലത്ത്’, ‘സോൾട്ട് ആൻഡ് പെപ്പർ’, ‘നല്ലവൻ’, ‘ബ്രേക്കിംഗ് ന്യൂസ്’, ‘മാറ്റിനി’, ‘മായാമോഹിനി’, ‘നാടോടിമന്നൻ’, ‘വെടിവഴിപാട്’, ‘ഞാൻ’, ‘ലോഹം’, ‘മേരാ നാം ഷാജി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.
പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. ‘ചട്ടമ്പി’ എന്ന ചിത്രമാണ് നടിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
Post Your Comments