ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ് ദേവ്ഗൺ ട്വിറ്ററിൽ പറഞ്ഞു. പൂർണമായും ഹിന്ദിയിലായിരുന്നു ദേവ്ഗണിന്റെ ട്വീറ്റ്. ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ, പിന്നെന്തിനാണ് നിങ്ങൾ സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നതെന്നും അജയ് ദേവ്ഗൺ ചോദിച്ചു.
കെജിഎഫ് രണ്ടാം ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ചിത്രം കന്നഡയിൽ നിർമ്മിച്ചുവെന്ന അഭിപ്രായവുമായി പലരും രംഗത്ത് വന്നിരുന്നു. ഇതിന്, സമൂഹ മാധ്യമത്തിലൂടെ നൽകിയ മറുപടിയിലാണ് കിച്ച സുദീപ് ഹിന്ദിക്കെതിരെ രംഗത്തെത്തിയത്. ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്നായിരുന്നു കിച്ച സുദീപിന്റെ പ്രതികരണം.
‘നിങ്ങൾ പാൻ ഇന്ത്യൻ ഫിലിം കന്നഡയിൽ നിർമ്മിച്ചുവെന്ന് പറഞ്ഞു. അതിൽ ചെറിയൊരു തിരുത്തൽ വരുത്താനുണ്ട്. ഹിന്ദി ഇനി മുതൽ ദേശീയ ഭാഷയല്ല. ബോളിവുഡ് പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുകയാണ്. തമിഴ്, തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് വിജയമുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ, അതും യാഥാർഥ്യമാവുന്നില്ല. ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമകൾ എല്ലായിടത്തും എത്തുന്നുണ്ട്. ‘ആർആർആർ, കെജിഎഫ്’ എന്നിവ ഇതിനുള്ള ഉദാഹരണമാണ്’, കിച്ച സുദീപ് വ്യക്തമാക്കി.
Post Your Comments