ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാൻസ് ഫെസ്റ്റിവൽ. 75-ാമത് കാന്‍സ് ചലച്ചിത്ര മേള മെയ് 17 മുതല്‍ 28 വരെ നടക്കാനിരിക്കുകയാണ്. ഇപ്പോളിതാ, ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാനമായി ബോളിവുഡ് താരം ദീപിക പദുകോണ്‍ ചലച്ചിത്ര മേളയുടെ ജൂറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയാണ് ദീപിക. ഏപ്രില്‍ 26നാണ് ജൂറി അംഗങ്ങളുടെ പ്രഖ്യാപനം നടന്നത്.
വര്‍ഷങ്ങളായി ദീപിക പദുകോണ്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് കാന്‍സ് ഫെസ്റ്റിവലില്‍ ദീപിക ധരിച്ച വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മീഷ ടാഗോര്‍, നന്ദിത ദാസ്, വിദ്യ ബാലന് എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ ഇന്ത്യന്‍ നടിമാര്‍.
2015- ല്‍ കാനില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന് വിന്‍സെന്റ് ലിന്‍ഡനാണ് ‘പാം ഡി ഓര്’ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്. ദീപികയ്ക്ക് പുറമെ നടിമാരായ റെബേക്ക ഹാളും നൂമി റാപ്പസും ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അസ്ഗര്‍ ഫര്‍ഹാദി, ജാസ്മിന് ട്രിങ്ക, ജെഫ് നിക്കോള്‍സ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരും ജൂറി അംഗങ്ങളാണ്. ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ ജൂറി ‘പാം ഡി ഓര്’ ബഹുമതി നല്‍കും.
Post Your Comments