മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘മണിച്ചിത്രത്താഴ്’. സിനിമ മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എന്നാൽ, ഇപ്പോളിതാ ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പായ ‘ഭൂല്‍ ഭുലയ്യ’യുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നത് ഇതാദ്യമായാണ്.
ആദ്യഭാഗത്തിലെ പ്രേതകഥാപാത്രമായ മഞ്ജുലികയെ തന്നെയാണ് രണ്ടാമതും എത്തുന്നത്. കാർത്തിക് ആര്യൻ, കിയാര അദ്വാനി, തബു, രാജ്പാൽ യാദവ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ‘ഭൂല്‍ ഭുലയ്യ’ സംവിധാനം ചെയ്തിരുന്നത് പ്രിയദര്ശന് ആയിരുന്നു. എന്നാല്‍, ‘ഭൂല്‍ ഭുലയ്യ’ രണ്ടാംഭാഗം ഒരുക്കുന്നത് അനീസ് ബസ്മി ആണ്. ഫർഹാദ് സംജിയും ആകാശ് കൗശിക്കും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ടി സീരിസ്, സിനി വൺ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഭൂഷൺകുമാർ, മുരട് കേതാനി, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഹൊററിനൊപ്പം പരമാവധി ഹ്യൂമര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മഞ്ജുലിക എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥ പുരോഗമിക്കുന്നതെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. 2022 മെയ് 20-ന് ചിത്രം പ്രദർശനത്തിനെത്തും.
‘ഭൂൽ ഭുലയ്യ’ ആദ്യ ഭാഗത്തിൽ സൈക്കാർട്ടിസ്റ്റ് ആയി എത്തിയത് അക്ഷയ് കുമാർ ആയിരുന്നു. വിദ്യ ബാലൻ ആയിരുന്നു നാഗവല്ലിയുടെ കഥാപാത്രമായെത്തിയത്. വിനീത്, ഷൈനി ആഹുജ, അമീഷ പട്ടേല്‍, പരേഷ് റാവല്‍ എന്നിവരായിരുന്നു ചിത്രത്തില്‍ ഒന്നാം ഭാഗത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ എത്തിയിരുന്നത്.
Post Your Comments