CinemaGeneralIndian CinemaLatest NewsMollywood

കണ്ണിനെപ്പറ്റിപഴി കേൾക്കണമല്ലോ എന്ന് വിചാരിച്ച് ലെൻസ് വെച്ചുപോയി, ക്യാമറാമാൻ കണ്ടു പിടിച്ചു: കണ്ണുകളെക്കുറിച്ച് ശാരി

വെള്ളാരം കണ്ണുകളുമായി മലയാള സിനിമയിലെത്തി പത്മരാജന്‍ ചിത്രങ്ങളിലെ നിറസാന്നിധ്യമായി മാറിയ നടിയാണ് ശാരി. ‘ദേശാടനക്കിളി കരയാറില്ല’, ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്നീ ക്ലാസിക്ക് സിനിമകളുടെ ഭാ​ഗമായ ശാരിയെ ഓർക്കുമ്പോൾ, ഏതൊരു പ്രേക്ഷകന്റെയും മനസിലേക്ക് ആദ്യമെത്തുക നടിയുടെ വെള്ളാരം കണ്ണുകളാണ്. ഇപ്പോളിതാ, തന്റെ കണ്ണിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ശാരിയുടെ വാക്കുകൾ:

മലയാളത്തിലെ ആദ്യ പടത്തില്‍ അഭിനയിക്കാൻ എത്തിയപ്പോൾ ലെന്‍സ് വെച്ചാണ് വന്നത്. പക്ഷെ, അത് പിടിക്കപ്പെട്ടു. ക്യാമറാമാനായിരുന്നു അത് കണ്ടുപിടിച്ചത്. ഞാൻ ആകെ നാണം കെട്ടുപോയി. കണ്ണിന്റെ പ്രാധാന്യം ഇത്രയും ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. കണ്ണിനെക്കുറിച്ച് എപ്പോഴും എന്നോട് ആളുകള്‍ മോശമായാണ് പറയാറുണ്ടായിരുന്നത്. ആളുകള്‍ കളിയാക്കിയിരുന്നു. ആദ്യം ഞാന്‍ ഒരു തമിഴ് പടത്തിന് വേണ്ടി ഫോട്ടോഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത്, ഈ കണ്ണ് വേണ്ട, നമുക്ക് ലെന്‍സ് വെക്കാം, കഥാപാത്രത്തിന് അതാണ് നല്ലതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അപ്പോൾ എന്റെ കണ്ണ് ശരിയല്ലെന്ന് എനിക്കും തോന്നിത്തുടങ്ങി. അങ്ങനെ ഞാന്‍ മലയാളത്തിലെ ആദ്യ പടത്തിന് വന്നപ്പോള്‍, പിന്നെയും കണ്ണിനെപറ്റി കേള്‍ക്കണമല്ലോ, എന്ന് വിചാരിച്ച് റൂമില്‍ നിന്ന് തന്നെ ലെന്‍സ് വെച്ച് പോയി.

ഒരു അഞ്ചാറ് ദിവസം ഷൂട്ട് ചെയ്തു. വലിയ വലിയ ഷോട്ടുകളായിരുന്നു. അതൊക്കെ എടുത്ത് കഴിഞ്ഞ്, എന്റെയും കാര്‍ത്തികയുടെയും സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോളാണ് ക്യാമറാമാൻ വേണു ലെൻസ് കണ്ടുപിടിച്ചത്. ശാരി, എന്താ ലെന്‍സ് ഇട്ടിട്ടുണ്ടോ, എന്ന് ചോദിച്ചു. ഞാന്‍ ബ്ലാക്ക് ലെന്‍സ് കണ്ണിന് ഇട്ടിട്ടുണ്ട്, എന്ന് മറുപടി പറഞ്ഞു. ആ സമയത്ത് പപ്പേട്ടൻ അടുത്ത് തന്നെ ഉണ്ടായിരുന്നു.

എന്തിനാ, ലെന്‍സിട്ടത്, ഫസ്റ്റ് ഊരിക്കള എന്ന് പറഞ്ഞു. ഈ കണ്ണിന് വേണ്ടിയല്ലേ ഞാന്‍ ശാരിയെ സെലക്ട് ചെയ്തത്, അല്ലെങ്കില്‍ എനിക്ക് ഇവിടെ വേറെ ആര്‍ട്ടിസ്റ്റിനെ കിട്ടൂലേ. ഈ കണ്ണ് ഈ കഥാപാത്രത്തിന് വേണം, നൗ ഗോ ആന്റ് റിമൂവ് യുവര്‍ കോണ്‍ടാക്ട് ലെന്‍സ് എന്ന് പപ്പേട്ടൻ പറഞ്ഞു. മുൻപ് എന്റെ കണ്ണിനെ കുറ്റം പറഞ്ഞവരെല്ലാം ഈ കണ്ണിന് ഇത്രയും സ്‌പെഷ്യാലിറ്റി ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ലെന്ന് മാറ്റി പറയേണ്ട അവസ്ഥ ഉണ്ടായി. ആ ക്രെഡിറ്റ് മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് മാത്രം അവകാശപ്പെട്ടതാണ്. അവര്‍ തുടക്കം മുതല്‍ തന്നെ എനിക്ക് എല്ലാ സ്‌നേഹവും സംരക്ഷണവും തന്നു. എന്റെ കണ്ണിനെ അവര്‍ക്കെല്ലാവര്‍ക്കും ഒത്തിരി ഇഷ്ടപ്പെട്ടു.

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ശാരിയും എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button