
യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ‘കെജിഎഫ് ചാപ്റ്റർ 2’ ബോക്സ് ഓഫീസ് തകർത്ത് വാരിയതോടെ ഇന്ത്യൻ സിനിമ ഇനി ഹിറ്റ് ചിത്രങ്ങളുടെ മാത്രം പുറകെ പോകാനാണ് ശ്രമിക്കുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളെ ‘കെജിഎഫ് ചാപ്റ്റർ 2’വിനെക്കാൾ ഒരു പടി മുകളിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ, അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’ ആദ്യ ഭാഗത്തിലൂടെയാണ് ബോക്സ് ഓഫീസ് തകർക്കാനുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ മത്സരങ്ങൾ ആരംഭിച്ചത്. ഒടുവിൽ ‘കെജിഎഫ് ചാപ്റ്റർ 2’വിലാണ് ഇത് എത്തി നിൽക്കുന്നത്. ‘കെജിഎഫി’ന്റെ റെക്കോർഡ് തകർക്കാൻ അടുത്തൊന്നും മറ്റൊരു ബിഗ് ബജറ്റ് സിനിമ വരാനില്ലെന്നാണ് സിനിമ നിരൂപകരടക്കം പറയുന്നത്.
എന്നാൽ, ‘കെജിഎഫി’ന്റെ ഈ റെക്കോർഡിനെയും മറികടക്കാനുള്ള ശ്രമമാണ് ഇപ്പോൾ പുഷ്പ അണിയറപ്രവർത്തകർ നടത്തുന്നത്. പുഷ്പയുടെ രണ്ടാം ഭാഗം ‘കെജിഎഫി’നും മേലെ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ഭാഗമായി ‘പുഷ്പ 2’വിന്റെ ചിത്രീകരണം തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ് സംവിധായകൻ സുകുമാർ. രണ്ടാം ഭാഗത്തിന്റെ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഷൂട്ടിംഗ് നിർത്തിയതെന്നാണ് വിവരം. ‘കെജിഎഫി’ന് ലഭിച്ച സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് പുഷ്പ 2വിനെ ഒന്നുകൂടി മോടി പിടിപ്പിക്കാൻ സംവിധായകൻ തീരുമാനിച്ചിരിക്കുന്നത്. ‘പുഷ്പ 2’ നുവേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്.
തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് ‘പുഷ്പ’ ആദ്യഭാഗത്തിന് ലഭിച്ചത്. ഹിന്ദിയിൽ നിന്ന് മാത്രം 100 കോടിയാണ് ‘പുഷ്പ’ നേടിയത്. എന്നാൽ, 300 കോടി നേടി ‘കെജിഎഫ് ‘രണ്ടാം ഭാഗം സൗത്ത് ഇന്ത്യയിൽ തന്നെ ഒന്നാമതെത്തി. ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പയിലെ പ്രധാന അഭിനേതാക്കൾ. ഒരു ഗാനരംഗത്തിൽ സാമന്തയും എത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം.
Post Your Comments