മലയാള സിനിമ അഭിനേതാക്കളുടെ ആദ്യ കൂട്ടായ്മയാണ് ‘അമ്മ’. നീണ്ട കാലങ്ങൾക്ക് ശേഷം അമ്മയിലേയ്ക്ക് നടൻ സുരേഷ് ഗോപി തിരിച്ചെത്തുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിഥിയായാണ് താരം എത്തുന്നത്. ഉണർവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി മെയ് ഒന്നാം തിയതി എറണാകുളം ദേശാഭിമാനി റോഡിലുള്ള അമ്മയുടെ മന്ദിരത്തിലാണ് നടക്കുക. ഇതിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.
ഏറ്റവും പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് സുരേഷ് ഗോപി നൽകിയിരുന്നു. അതിന്റെ ചിത്രം പങ്കുവച്ച ടിനി ടോമിനോട് ഒരു ആരാധകൻ സുരേഷ് ഗോപിയുടെ അമ്മയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചു ചോദിച്ചപ്പോൾ ഉണർവ് പരിപാടിയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി മടങ്ങി വരുന്നുവെന്നു ടിനി അറിയിച്ചു. അതിനു പിന്നാലെ സുരേഷ് ഗോപിയുടെ അമ്മയിലേക്കുള്ള വരവ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
താര സംഘടന എന്ന നിലയിലുള്ള ഒരു കൂട്ടായ്മ എന്ന ആശയത്തിന് വിത്ത് പാകിയത് സുരേഷ് ഗോപി, ഗണേഷ് കുമാർ, മണിയൻപിള്ള രാജു എന്നിവരാണ്. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിൽ തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മ ആരംഭിച്ചു. എന്നാൽ, തന്റെ കൂടി നേതൃത്വത്തിൽ ഉയർന്നു വന്ന അമ്മയുടെ പരിപാടികളിലും സ്റ്റേജ് ഷോ കളിലൊന്നും 1997 ന് ശേഷം സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല. ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിയുമായി നടന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അമ്മയില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനിന്നത്.
Post Your Comments