മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിൽ ഒന്നാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ .1998ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും കാഴ്ചക്കാരുണ്ട്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിവരൊന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ആ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാവ് സിയാദ് കോക്കർ.
‘സമ്മർ ഇൻ ബത്‌ലഹേമി’ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് സിയാദ് കോക്കർ പങ്കുവച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം. ‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജുവും താനും ഒരു കുടുംബം പോലെയാണ്, എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാൻ കഴിഞ്ഞുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരം പങ്കുവെച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കാസ്റ്റും മറ്റ് കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സിനിമ ഇറങ്ങി 24-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴെങ്കിലും ആരായിരുന്നു ജയറാമിന് പൂച്ചയെ അയച്ചതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇതിനുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
മഞ്ജു വാര്യര്‍- ജയസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ‘മേരി ആവാസ് സുനോ’ മെയ് 13നാണ് എത്തുന്നത്. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ശിവദയും ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും മറ്റ് പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
Post Your Comments