മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു ഇടം സിനിമാ ലോകത്ത് നേടിയെടുത്ത ജയസൂര്യ മികച്ച നടനുള്ള കേരളസര്‍ക്കാറിന്റെ പുരസ്കാരം രണ്ടുതവണ സ്വന്തമാക്കി. ഫുട്ബോള്‍ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റന്‍’, ട്രാന്‍സ്ജെന്‍ഡര്‍ ജനതയുടെ ജീവിതകഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’, ‘വെള്ളം’ തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അര്‍ഹനാക്കിയത്. ഇപ്പോഴിതാ, ക്യാപ്റ്റനും വെള്ളവും ഒരുക്കിയ സംവിധായകൻ പ്രജീഷ് സെന്നിന്റെ പുതിയ ചിത്രമായ ‘മേരി ആവാസ് സുനോ’ യിൽ മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചടങ്ങ് അതി ഗംഭീരമായി കലൂർ ഐഎംഎ ഹാളിൽ നടന്നു. ആ വേദിയിൽ ജൂനിയർ ആർട്ടിസ്റ്റായി നടന്ന കാലത്തെക്കുറിച്ചു ജയസൂര്യ തുറന്ന് പറഞ്ഞത് ശ്രദ്ധനേടുന്നു.
read also: പ്രേം നസീറിന്റെ ‘ലൈല കോട്ടേജ്’ വില്‍ക്കുന്നില്ല: പ്രതികരണവുമായി മകൾ റീത്ത
താനിപ്പോള്‍ ഈ സ്റ്റേജില്‍ നില്‍ക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്ന് ജയസൂര്യ പറയുന്നു. ‘ഇതെനിക്ക് അഭിമാനനിമിഷമാണ് എന്നു പറയാന്‍ കാരണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്രം എന്ന സിനിമയിലെ നായിക മഞ്ജുവാര്യര്‍. അന്ന് അതിലൊരു വേഷമെങ്കിലും കിട്ടാനായി ആ ലൊക്കേഷനില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പലദിവസം നടന്നപ്പോള്‍ ദൂരെ നിന്ന് മഞ്ജുവാര്യരെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായി. ആ സിനിമയിലൊരു പ്രസ് മീറ്റ് രംഗത്തില്‍ കുറേ പത്രക്കാര് ഇരിക്കുന്നതിനൊപ്പം ഒന്നിരിക്കാന്‍ ഭാഗ്യമുണ്ടായി. പത്രമെന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഞാന്‍ ഇന്ന് മഞ്ജുവാര്യര്‍ എന്ന ബ്രില്ല്യന്റായിട്ടുള്ള അഭിനേത്രിയ്ക്ക് ഒപ്പം അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായൊരു കാര്യം തന്നെയാണ്.
ഞാന്‍ അന്നുമിന്നും ഒരുപാട് ആരാധിക്കുന്ന നായികയാണ്. കാരണം സിനിമയെ സ്നേഹിക്കാനായിട്ട് നമ്മള്‍ പോലുമറിയാതെ ചിലര്‍ നമ്മെ സ്വാധീനിക്കാറുണ്ട്. മമ്മൂക്കയെ പോലെ, ലാലേട്ടനെ പോലെ. അതുപോലെ സിനിമയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച അഭിനേത്രിയാണ് മഞ്ജു. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ പറ്റുക എന്നത് എനിക്ക് വലിയ സന്തോഷമാണ്,’- ജയസൂര്യ പറഞ്ഞു.
Post Your Comments