CinemaGeneralIndian CinemaKollywoodLatest News

നയൻതാര – വിഘ്നേഷ് വിവാഹം ജൂണിൽ?

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറെന്ന പേരിലേക്ക് നയൻതാര വളർന്നത് കഠിനാധ്വാനത്തിലൂടെയാണ്. ​ഗ്ലാമറസായി മാത്രം പ്രത്യക്ഷപ്പെട്ട് ആളെ കൂട്ടുകയെന്നല്ലാതെ അഭിനയിക്കാൻ നയൻതാരയ്ക്ക് അറിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിച്ചായിരുന്നു നയൻസിന്റെ പ്രതികാരം. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായിക കൂടിയാണ് നയൻതാരയിപ്പോൾ. സിനിമയോടൊപ്പം തന്നെ താരത്തിന്റെ സ്വകാര്യ ജീവിതവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട്, നയൻതാര തിളങ്ങിയത് തമിഴ് സിനിമാ ലോകത്തായിരുന്നു.

തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയ കാലത്താണ് സിമ്പുവുമായി നടി പ്രണയത്തിലാകുന്നത്. ‘വല്ലവൻ’ സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ആ പ്രണയത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല. പിന്നീട്, നടനും കൊറിയോ​ഗ്രാഫറുമായ പ്രഭുദേവയുമായി നയൻസ് അടുപ്പത്തിലായി. ചലച്ചിത്രലോകത്ത് കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു ഇത്. നയൻസുമായുള്ള പ്രണയം പ്രഭുദേവയുടെ മുൻ ഭാര്യ അടക്കം അറിയുകയും വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കുകയും ചെയ്തിരുന്നു. ആ പ്രണയവും പരാജയത്തിൽ കലാശിച്ചു.

പിന്നീട്, സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയം നയൻസ് പരസ്യപ്പെടുത്തി. വിഘ്നേഷുമൊത്തുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. നയൻതാര – വിഘ്നേഷ് വിവാഹവാർത്ത കേൾക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷം ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വളരെ സ്വകാര്യമായ ചടങ്ങായി തങ്ങളുടെ മോതിരം മാറൽ ചടങ്ങ് നടന്നുവെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തമിഴകത്ത് നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരും ജൂണിൽ വിവാഹിതരായേക്കും.

അതേസമയം, ‘കാത്ത് വാക്കിലെ രണ്ട് കാതലാ’ണ് ഇനി റിലീസിനെത്താനുള്ള നയൻതാര ചിത്രം. സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് ശിവൻ തന്നെയാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ നയൻതാരയ്ക്ക് പുറമെ വിജയ് സേതുപതി, സാമന്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button