CinemaGeneralIndian CinemaKollywoodLatest News

തമിഴ്നാട്ടിലും റോക്ക് ചെയ്ത് റോക്കി ഭായ്: ‘ബീസ്റ്റി’നെ മറികടന്ന് കുതിപ്പ് തുടരുന്നു

യഷ് നായകനായെത്തിയ ‘കെ.ജി.എഫ്. ചാപ്റ്റർ 2’ ബോക്സ് ഓഫീസ് തകർത്ത് മുന്നേറുകയാണ്. ആരാധക ഹൃദയം റോക്കി ഭായ് കീഴടക്കിയപ്പോൾ തമിഴ്നാട്ടിലും ചിത്രം കോടികൾ വാരിക്കൂട്ടുകയാണ്. വിജയ് ചിത്രമായ ‘ബീസ്റ്റും’ , ‘കെ.ജി.എഫ് ചാപ്റ്റർ 2’വും ഒരു ദിവസത്തെ ഇടവേളയിലായിരുന്നു പ്രദർശനത്തിനെത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് ഇളക്കി മറിക്കുമ്പോളും തമിഴ്നാട്ടിൽ മാത്രമായിരുന്നു ‘കെ.ജി.എഫ് ചാപ്റ്റർ 2’വിനു വെല്ലുവിളി ഉയർന്നത്. എന്നാൽ അതൊരു വെല്ലുവിളിയേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് റോക്കിയും കൂട്ടരും.

ഇപ്പോൾ, തമിഴ്നാട്ടിൽ ‘ബീസ്റ്റി’ന്റെ വരുമാനം മറികടന്നിരിക്കുകയാണ് ‘കെ.ജി.എഫ് ചാപ്റ്റർ 2’. സാമ്പത്തിക വിജയത്തിന്റെ വിശദാംശങ്ങൾ, ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഹിസ്റ്ററി ക്രിയേറ്റഡ്‌ അറ്റ് ടി. എൻ ബോക്സ് ഓഫീസ് എന്നാണ് അദ്ദേഹം കണക്കുകൾക്കൊപ്പം ട്വിറ്ററിൽ കുറിച്ചത്. ‘കെ.ജി.എഫ് ചാപ്റ്റർ 2’ എട്ടു ദിവസം കൊണ്ട് 64.04 കോടി നേടിയാണ് ‘ബീസ്റ്റി’ന്റെ കളക്ഷൻ റെക്കോർഡ് തകർത്തത്. 61.17 കോടിയായിരുന്നു 9 ദിവസം കൊണ്ട് ‘ബീസ്റ്റ്’ നേടിയ കളക്‌ഷൻ. ഇതോടെ, തമിഴ്‌നാട് ബോക്സ് ഓഫീസിൽ ഒരു കോളിവുഡ് ചിത്രത്തെ മറികടക്കുന്ന ആദ്യ സാൻഡൽവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ‘കെ.ജി.എഫ്. ചാപ്റ്റർ 2’. അതേസമയം, ‘കെ.ജി.എഫ് ചാപ്റ്റർ 2’ ഹിന്ദി പതിപ്പും വൻ വിജയമാണ് നേടുന്നത്. 268.63 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സംവിധായകൻ പ്രശാന്ത് നീൽ പി. ടി. ഐ. ക്കു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘ഞങ്ങൾ സിനിമ തുടങ്ങുമ്പോൾ, ഇത്രക്ക് വലിയ ചിത്രമായിക്കുമെന്നും ഇന്ന് ഞങ്ങളിവിടെ ഉണ്ടാകുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. ഇത് ഒരു പാൻ-ഇന്ത്യ സിനിമയാക്കാനോ അല്ലെങ്കിൽ രണ്ട് ഭാഗങ്ങളായി മാറ്റാനോ ശ്രമിച്ചുകൊണ്ടല്ല ആരംഭിച്ചത്. ഞങ്ങൾ ഒരു കന്നഡ സിനിമയായി ആരംഭിച്ചു, ഒടുവിൽ അത് രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ ആലോചിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് നിർമാതാവിനും യഷിനും നൽകണം. എന്നെ സംബന്ധിച്ചിടത്തോളം, അമ്മ-മകൻ കഥയുമായി ആളുകളെ ബന്ധപ്പെടുത്തണമെന്നതായിരുന്നു ആശയം’.

shortlink

Related Articles

Post Your Comments


Back to top button