CinemaGeneralIndian CinemaLatest NewsMollywood

ജോൺ പോളിന് വിട : മലയാളത്തിന് മറക്കാനാവാത്ത നിരവിധി സിനിമകൾ നൽകിയ വ്യക്തി

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലധികമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരിന്നു. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത് സംവിധായകൻ ഭരതന് വേണ്ടിയായിരുന്നു. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ‘ പ്രണയമീനുകളുടെ കടല്‍’ എന്ന കമല്‍ ചിത്രമാണ് ജോണ്‍ പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.

മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് വിടപറഞ്ഞത്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ചിത്രങ്ങളാണ് ജോൺ പോളിന്റെ തൂലികയിൽ വിരിഞ്ഞത്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ മലയാള സിനിമയ്ക്ക് മുതൽ കൂട്ടായിരുന്നു. ആവർത്തന വിരസതയില്ലാതെ സിനികളുടെ കഥയോടൊപ്പം സഞ്ചരിക്കാൻ പഠിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. എംടി വാസുദേവൻനായർ സംവിധാനം ‘ ചെറുപുഞ്ചിരി’ എന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ആയിരുന്നു. ‘ ഗ്യാങ്സ്റ്റർ’ , ‘ കെയർഓഫ് സൈറാബാനു’ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും മകനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുമ്പ് ബാങ്കുദ്യോഗസ്ഥനായും മാധ്യമപ്രവര്‍ത്തകനായും ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിരുന്നു. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.

shortlink

Related Articles

Post Your Comments


Back to top button