ഹോളിവുഡ് സൂപ്പർഹീറോ മൂവി ‘ഡോക്ടർ സ്‌ട്രേഞ്ചിന്റെ’ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മാര്‍വല്‍ കോമിക്സ് കഥാപാത്രമായ ’ഡോക്ടര്‍ സ്ട്രേഞ്ചി’നെ അടിസ്ഥാനമാക്കി വരുന്ന ‘ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസി’ന്റെ ട്രെയ്‌ലര്‍ ഏതാനും മാസങ്ങൾ മുൻപാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് കിട്ടിയത്. എന്നാൽ , സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മെയ് 6ന് റിലീസ് ചെയ്യാനിരിക്കെയാണ് സൗദിയിൽ ചിത്രം നിരോധിച്ചത്.
സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയത്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചേക്കും. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങളിൽ സ്വവർഗരതി നിയമവിരുദ്ധമായതിനാലാണ് തീരുമാനം. അതേസമയം, യുഎഇയിൽ ടിക്കറ്റുകൾ ഇപ്പോഴും വിൽപ്പനയ്‌ക്കുണ്ടെന്നത് മാർവൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്.
മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രമാണ് ‘ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ്’. സാം റൈമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജേഡ് ഹാലി ബാര്‍ട്ട്ലെറ്റും മൈക്കല്‍ വാള്‍ഡ്രോണും ചേര്‍ന്നാണ്. ബെനഡിക്റ്റ് കംബര്‍ബാച്ച് സ്റ്റീഫന്‍ ആണ് ‘സ്ട്രേഞ്ചാ’യി അഭിനയിക്കുന്നത്. എലിസബത്ത് ഓള്‍സെന്‍, സോചിറ്റില്‍ ഗോമസ്, ബെനഡിക്റ്റ് വോംഗ്, റേച്ചല്‍ മക്ആഡംസ്, ചിവെറ്റെല്‍ എജിയോഫോര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Leave a Comment