‘പ്രേമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രൻ. ഇപ്പോളിതാ,
ഹോളിവുഡ് സംവിധായകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ്. വീഡിയോ ഔട്ട്പുട്ടിലെ ക്വാളിറ്റിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൽഫോൺസിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള എല്ലാ ഡിസിപികളിലും 12ബിറ്റ് കളര്‍ ഡെപ്ത് ഫോര്‍മാറ്റ് ഉള്‍പ്പെടുത്തണമെന്നാണ് സംവിധായകരോടുള്ള അല്‍ഫോന്‍സ് പുത്രന്റെ അഭ്യര്‍ത്ഥന. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജോര്‍ജ്ജ് ലൂക്കാസ്, ജെയിംസ് കാമറൂണ്‍ എന്നിവരോട് ഇക്കാര്യത്തിൽ ഇടപെടാനാണ് അൽഫോൺസ് പറയുന്നത്. ചൂട് പിസയുണ്ടാക്കി അത് കസ്റ്റ്മറിന് കൊടുക്കുമ്പോഴേക്കും അതിന്റെ ചൂട് നഷ്ടപ്പെടുന്നത് പോലെയാണ് സിനിമയുടെ ഔട്ട്പുട്ട് ഇറങ്ങുമ്പോഴുള്ള ക്വാളിറ്റി എന്നാണ് അൽഫോൺസ് കുറിച്ചത്.
അല്‍ഫോന്‍സ് പുത്രന്റെ ഫേസ്ബുക്ക് കുറിപ്പ് :
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജോര്‍ജ്ജ് ലൂക്കാസ്, ജെയിംസ് കാമറൂണ്‍ എന്നിവരോട് ഒരു അഭ്യര്‍ത്ഥന. എന്റെ പേര് അല്‍ഫോണ്‍സ് പുത്രന്. ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ചലച്ചിത്ര പ്രവര്‍ത്തകനാണ് (കേരളം / തമിഴ്നാട്). എന്റെ ഷോര്‍ട്ട് ഫിലിമുകളില്‍ കളര്‍ ഗ്രേഡിംഗ് ഞാന്‍ ചെയ്യാറുണ്ട്. ലോകമെമ്പാടുമുള്ള ഡിസിപികളിലും ഫോര്‍മാറ്റുകളിലും നിലനില്‍ക്കുന്ന ഒരു പ്രശ്നം ഞാന്‍ കണ്ടെത്തി. ‘ആരി’, ‘റെഡ്’ എന്നിവയ്ക്ക് 12 ബിറ്റ് കളര്‍ ഡെപ്ത്തും അതിനുമുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകളുണ്ട്. ലോകമെമ്പാടുമുള്ള ഡിസിപികള്‍ അംഗീകരിക്കുന്ന ഔട്ട്പുട്ട് ഇപ്പോഴും 8 ബിറ്റിലാണ്.
2013-ല്‍ പുറത്തിറങ്ങിയ എന്റെ ആദ്യ ചിത്രം ‘നേരം’ മുതലുള്ളതും ഇതു തന്നെയാണ് അവസ്ഥ. ഉദാഹരണത്തിന് ഒരാള്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു. പിസ്സ ഉണ്ടാക്കുന്ന ആള് അത് വളരെ ചൂടോടെ ഉണ്ടാക്കിയെങ്കിലും കസ്റ്റമറുടെ അടുത്തെത്തിയപ്പോള്‍ തണുത്തു പോയി. ഇതുപോലെ തന്നെയാണ് വീഡിയോ ക്വാളിറ്റിയുടെ കാര്യവും. സംപ്രേഷണം ചെയ്യുമ്പോള്‍ ഉള്ളടക്കത്തിന്റെ പുതുമയും ചൂടും നഷ്ടപ്പെടുന്നു. രണ്ടാമത്തെ ഉദാഹരണം. ഞങ്ങളുടെ പക്കലുള്ള ഫോണ്‍ 5ജി ആണ്. കണക്ഷന് ഇപ്പോള്‍ 2ജി സ്പീഡിലാണെന്ന് സങ്കല്‍പ്പിക്കുക. അതുകൊണ്ട് എല്ലാവരോടും വീഡിയോ ഔട്ട്പുട്ട് ഒരേ നിലവാരത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൃത്യമായി പറഞ്ഞാല്‍.ലോകമെമ്പാടുമുള്ള എല്ലാ ഡിസിപികളിലും 12ബിറ്റ് കളര്‍ ഡെപ്ത് പിന്തുണയ്ക്കുന്ന ഒരു ഫോര്‍മാറ്റ് ഉള്‍പ്പെടുത്തണം.
Post Your Comments