സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘മേ ഹൂം മൂസ’യുടെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്നിന് കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.റോയ് സി.ജെ.യും തോമസ് തിരുവല്ലയും ചേർന്നാണ് നിർമ്മാണം.1998 ൽ തുടങ്ങി 2019 ൽ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ പറയുന്നത്.
ഒരു പാൻ ഇന്ത്യൻ സിനിമയുടെ ഷോൺറയിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മൂസ എന്ന മലപ്പുറത്തുകാരനായാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ 253- മത്തെ ചിത്രമാണിത്. വെള്ളിമൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വാഗ അതിർത്തി അടക്കം പല ഉത്തരേന്ത്യന്‍ സ്ഥലങ്ങളും ചിത്രത്തിന്റെ ലൊക്കേഷനാകുന്നുണ്ട്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ ജിബു ജേക്കബ് പറഞ്ഞു. റുബീഷ് റെയ്ൻ ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ശിവശങ്കരൻ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നു
പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments