പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ജന ഗണ മന’. ‘ക്വീൻ’ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ‘ജന ഗണ മന’ നിർമ്മിക്കുന്നത്. മംമ്ത മോഹൻദാസാണ് നായിക.
ഇപ്പോളിതാ, ചിത്രത്തിന്റെ സെൻസറിങ്ങ് കഴിഞ്ഞെന്ന വാർത്തയാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യു/എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ഏപ്രിൽ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഈ അടുത്ത് പുറത്തിറങ്ങിയ ‘ജന ഗണ മന’യുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് കിട്ടിയത്. ശക്തമായ രാഷ്ട്രീയവും പോരാട്ടങ്ങളുമാണ് ട്രെയ്‌ലറിൽ ഉടനീളമുള്ളത്. ‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗാണ് ട്രെയിലറിലെ മുഖ്യ ആകർഷണം. ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് കാണിക്കുന്ന സ്‌ഫോടനവും പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയിരുന്നു.
‘ഡ്രൈവിംഗ് ലൈസൻസ് ‘ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഡിജോ ജോസ് ആന്റണിയുടെ ‘ക്വീൻ’ എന്ന ചിത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.
Post Your Comments