ബോക്സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകർത്ത് കുതിപ്പ് തുടരുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’വിനെ പ്രശംസിച്ച് നടന് അല്ലു അര്ജുന്. ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരെ അഭിനന്ദിച്ച് അല്ലു ഇന്‍സ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തു. യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി എന്നിവരുടെ പ്രകടനം ഉള്‍പ്പെടെ ചിത്രത്തിന്റെ ടെക്നീഷ്യന്‍സിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും താരം അഭിനന്ദനം അറിയിച്ചു. മനോഹരമായ ഒരു സിനിമ അനുഭവം നല്‍കിയതിനും ‘കെജിഎഫ് ചാപ്റ്റര്‍ 2’വിലൂടെ ഇന്ത്യന്‍ സിനിമയെ ഉയര്‍ത്തിപ്പിടിച്ചതിനും നന്ദി എന്നാണ് താരം കുറിച്ചത്.
‘കെജിഎഫ് ചാപ്റ്റര്‍ 2’ മികച്ച പ്രതികരണങ്ങളോടെ ബോക്സ്ഓഫീസില്‍ മുന്നേറുകയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 645 കോടി കളക്ഷനാണ് ചിത്രം ആഗോള തലത്തില്‍ നേടിയത്. ‘ബാഹുബലി 2’, ‘ദംഗല്‍’ എന്നീ സിനിമയുടെ റെക്കോര്‍ഡുകള്‍ പിന്തള്ളിയാണ് ഈ കുതിപ്പ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് കിട്ടിയത്. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 250 കോടി രൂപയാണ്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി ‘കെജിഎഫ് ചാപ്റ്റർ 2’ ഹിന്ദി.
Post Your Comments